കോട്ടയം: പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമർശത്തിന്റെ പശ്ചാത്തലത്തിൽ സംയുക്ത വാര്‍ത്താസമ്മേളനവുമായി ബിഷപ്പും ഇമാമും. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.മലയില്‍ സാബു കോശി ചെറിയാനും താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന് മന്നാനി ഇലവുപാലവുമാണ് സംയുക്ത പത്രസമ്മേളനം നടത്തിയത്. സംസ്ഥാനത്ത് മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ഇരുവരും പറഞ്ഞു.
കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ആളുകള്‍ എല്ലാ സമുദായത്തിലുമുണ്ടാകും. അവരുടെ തെറ്റായ ആഹ്വാനങ്ങളില്‍ ആരും വീണു പോകരുതെന്ന് സിഎസ്ഐ സഭാ ബിഷപ്പ് പറഞ്ഞു. ഇന്ത്യയില്‍ എറ്റവുമധികം മതസൗഹാര്‍ദ്ദമുള്ള സംസ്ഥാനമാണ് കേരളം. ആ സൗഹാര്‍ദ്ദം നിലനിര്‍ത്തേണ്ടത് നമ്മുടെ എല്ലാവരുടെയും കര്‍ത്തവ്യമാണ്. ലഹരി പോലുളള തെറ്റായ കാര്യങ്ങൾ ഹിന്ദു ചെയ്താലും ക്രിസ്ത്യാനി ചെയ്താലും മുസ്ലിം ചെയ്താലുമെല്ലാം എതിര്‍ക്കപ്പെടണം. വ്യക്തികളാണ് ഇതിന് ശിക്ഷിക്കപ്പെടേണ്ടതെന്നും സമൂഹമല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് പോര്‍വിളിയും സംഘര്‍ഷങ്ങളുമല്ല വേണ്ടത്. സമാധാനവും സ്നേഹവുമാണ് വേണ്ടതെന്ന് താഴത്തങ്ങാടി ഇമാം പറഞ്ഞു. കേരളം സംരക്ഷിച്ചു വന്നിരുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സമൂഹമാധ്യമങ്ങള്‍ വഴിയും അല്ലാതെയും ചില ശക്തികള്‍ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു.
ക്രിസ്ത്യൻ, മുസ്ലിം ഇതര മതവിശ്വാസികളെ ലക്ഷ്യംവച്ച് കേരളത്തിൽ ലൗ, നാര്‍ക്കോട്ടിക് ജിഹാദുകള്‍ നടക്കുന്നുവെന്നായിരുന്നു പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ ആരോപണം. കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് ആചരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിലാണു ബിഷപ്പിന്റെ ആരോപണം.
Read More: പ്രണയസാഫല്യം; 11 വർഷം ഒളിവുജീവിതം നയിച്ച റഹ്മാനും സജിതയും വിവാഹിതരായി