തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ ഇന്ന് തുറക്കും. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. 18-ാം തീയതി മുതല്‍ മറ്റ് ക്ലാസുകളും ആരംഭിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് പ്രവേശനം.
പിജി ക്ലാസുകളില്‍ മുഴുവന്‍ വിദ്യാര്‍ഥികളേയും ഉള്‍പ്പെടുത്തും. എന്നാല്‍ ഡിഗ്രി ക്ലാസുകളില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്താനാണ് തീരുമാനം. പകുതി വിദ്യാര്‍ഥികളെ വീതം ഉള്‍പ്പെടുത്തിയ രണ്ട് ഷിഫ്റ്റുകളായിരിക്കും ഉണ്ടായിരിക്കുക.
ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്നോടിയായി വലിയ രീതിയിലുള്ള തയാറെടുപ്പുകളാണ് കോളേജുകളില്‍. ക്ലാസ് മുറികള്‍, ലൈബ്രറി, ലബോറട്ടറികള്‍ എന്നിവ വ്യത്തിയാക്കാനും അണുനശീകരണം നടത്താനും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും കോളേജുകളുടെ പ്രവര്‍ത്തനം.
കോളേജുകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും പിന്തുടരേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് മാസ്ക് ആവശ്യമെങ്കില്‍ ലഭ്യമാക്കണം. കൂടിച്ചേലരുകള്‍ക്ക് വിലക്കുണ്ട്. സാമൂഹിക അകലം കൃത്യമായി പാലിക്കണം. കേസുകള്‍ കുറഞ്ഞെങ്കിലും കോവിഡില്‍ നിന്നും പൂര്‍ണമായും മുക്തി നേടിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.