തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും തുറക്കും. ഒന്ന്, രണ്ട് വര്‍ഷ ഡിഗ്രി ക്ലാസുകളും രണ്ടാം വര്‍ഷ പിജി ക്ലാസുകളുമാണ് ആരംഭിക്കുക. എഞ്ചിനീയറിംഗ് കോളേജുകളും തുറക്കും. ഒക്ടോബര്‍ 18-ാം തിയതിയായിരുന്നു കോളേജുകള്‍ തുറക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്തെ പ്രതികൂല കാലവസ്ഥ കണക്കിലെടുത്താണ് ഇന്നത്തേക്ക് മാറ്റിയത്. ഡിഗ്രി, പിജി അവസാന വര്‍ഷ ക്ലാസുകള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു.
കോളേജുകള്‍ പൂര്‍ണമായും തുറക്കുന്ന പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കപ്പെടണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. “കഴിഞ്ഞ ആഴ്‌ച തുറക്കാനിരുന്നത് ഒരിക്കൽക്കൂടി നീട്ടാൻ കാരണമായത് തീവ്രമഴയാണ്. മഴ ചിലയിടത്തെങ്കിലും ഇപ്പോഴും തീവ്രമായി തന്നെ നിലനിൽക്കുന്നുണ്ട്. രണ്ടും കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാനായി ശ്രദ്ധ ചെലുത്തണം,” മന്ത്രി പറഞ്ഞു.
സമയക്രമത്തിന്റെ കാര്യത്തിലും ഷിഫ്റ്റുകളുടെ കാര്യത്തിലും മുമ്പ് നിർദ്ദേശം നൽകിയതാണ്. കോവിഡ് പ്രോട്ടോക്കോൾ ലംഘിക്കപ്പെടാത്ത വിധം സൗകര്യപ്രദമായ തീരുമാനം അതാത് സ്ഥാപനങ്ങൾക്കെടുക്കാം. എന്നാൽ, വാക്‌സിനേഷൻ സംബന്ധിച്ച് സർക്കാർ നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൽ ഒരു കാരണവശാലും വിട്ടുവീഴ്ചയരുത്. ഇത് കോവിഡ് ജാഗ്രതാസമിതികളുടെ മേൽനോട്ടത്തിൽ സ്ഥാപനമേധാവികൾ ഉറപ്പാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ആവശ്യാനുസരണം ഹാൻഡ് വാഷ്, സാനിറ്റൈസർ, മുഖാവരണങ്ങൾ, തെർമൽ സ്‌കാനറുകൾ എന്നിവയുണ്ടെന്ന് ഉറപ്പുവരുത്തണം. 18 വയസ് തികയാത്തതുകൊണ്ട് വാക്‌സിനെടുക്കാൻ പറ്റാതെ പോയവരെയും ഒരു ഡോസ് വാക്‌സിനെടുത്ത് രണ്ടാം ഡോസിന് സമയമാകാത്തവരെയും ക്ലാസില്‍ പ്രവേശിപ്പിക്കണം. അതേസമയം, ഇവരുടെ വീടുകളിലെ പതിനെട്ട് തികഞ്ഞവരെല്ലാം ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.