കൊച്ചി: സംസ്ഥാനത്തെ കോളേജുകളിലും സർവകലാശാല ക്യാംപസുകളിലും 294 ദിവസങ്ങൾക്ക് ശേഷം അധ്യയനം ഭാഗികമായി പുനരാരംഭിച്ചിരിക്കുകയാണ്. തിങ്കളാഴ്ചയാണ് നീണ്ട ഇടവേളക്ക് ശേഷം സംസ്ഥാനത്തെ ക്യാംപസുകൾ വീണ്ടും തുറന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അതീവ ജാഗ്രതയോടെയാണ് അധ്യയനം പുനരാരംഭിക്കുന്നത്. വലിയൊരു ഇടവേളയ്ക്ക് ശേഷം സുഹൃത്തുക്കളെ നേരിൽ കാണുന്നതിന്റെ സന്തോഷത്തോടെ വിദ്യാർത്ഥികൾ ക്യാംപസുകളിൽ എത്തിച്ചേരുകയും ചെയ്തു.






കോവിഡ് നിയന്ത്രണങ്ങളോടെയാണ് കോളേജുകളിൽ ക്ലാസുകൾ നടക്കുന്നത്. വിദ്യാർഥികൾ മാസ്ക് ധരിക്കണം. സാനിറ്റെെസർ ഉപയോഗിക്കണം. കൂട്ടം കൂടി നിൽക്കരുത്. മാസ്ക് ഒഴിവാക്കി സംസാരിക്കരുത്. ഒരേസമയം 50 ശതമാനം വിദ്യാർഥികളെ മാത്രമേ അനുവദിക്കൂ. വിദ്യാർഥികൾ നിർബന്ധമായും ശാരീരിക അകലം പാലിക്കണം.





രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് കോളേജുകളുടെ പ്രവര്‍ത്തന സമയം. അമ്പത് ശതമാനം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി രണ്ട് ഷിഫ്റ്റുകളായി വേണം ക്ലാസുകള്‍ ക്രമീകരിക്കാൻ. പരമാവധി അഞ്ച് മണിക്കൂറായിരിക്കും ക്ലാസുകള്‍. പ്രിന്‍സിപ്പല്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം മുതല്‍ കോളജുകളില്‍ ഹാജരായിരുന്നു.


ലബോറട്ടറി പരിശീലനത്തിനും പ്രധാന പാഠഭാഗങ്ങൾക്കും ഊന്നൽ നൽകിയായിരിക്കും ക്ലാസുകൾ. അവസാന വർഷ ബിരുദ, പി.ജി വിദ്യാർഥികളാണ് ഇന്ന് ക്ലാസിലെത്തുന്നത്. ശനിയാഴ്ചയും പ്രവർത്തിദിവസമായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.
Read More: കോവിഡ് ജാഗ്രതയോടെ കലാലയ തിരുമുറ്റത്തേക്ക്; സംസ്ഥാനത്തെ കോളേജുകൾ തുറന്നു
കഴിഞ്ഞവർഷം മാർച്ച് 16നാണ് കോവിഡ് പശ്ചാത്തലത്തിൽ കോളേജുകളിലും സർവകലാശാലകളിലും ക്ലാസ് നിർത്തിവച്ചത്.