കോട്ടയം: കോളേജിൽ നിന്ന് പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥിനിയുടെ മൃതദേഹം രണ്ടാം ദിവസം മീനച്ചിലാറ്റിൽ കണ്ടെത്തി. പാലാ ചേർപ്പുങ്കലിലെ ബിവിഎം കോളേജിൽ പഠിക്കുന്ന വിദ്യാർഥിനിയെയാണ് ശനിയാഴ്‌ച കാണാതായത്. പരീക്ഷ കഴിഞ്ഞ ശേഷം വിദ്യാർഥിനി വീട്ടിലെത്തിയില്ല. തുടർന്ന് തെരച്ചിൽ ആരംഭിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തോട്ട് ഷാജിയുടെ മകൾ അഞ്ജു പി.ഷാജി(20)യുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.

അഞ്‌ജുവിന്റെ ബാഗും കുടയും ചേർപ്പുങ്കൽ പാലത്തിൽ കണ്ടതിനെത്തുടർന്ന് അഗ്നിരക്ഷാസേന ഇന്നലെ മീനച്ചിലാറ്റിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നും തെരച്ചിൽ തുടരുകയായിരുന്നു.

Read Also: സ്‌കൂളുകളും കോളേജുകളും തുറക്കുക ഓഗസ്റ്റ് 15 നു ശേഷം: കേന്ദ്രമന്ത്രി

കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ കോളേജിൽ ബി.കോം. വിദ്യാർഥിനിയാണ് അഞ്ജു. സർവകലാശാല അനുവദിച്ച പരീക്ഷാകേന്ദ്രം ചേർപ്പുങ്കലിലായിരുന്നു. സെമസ്റ്ററിലെ അവസാന പരീക്ഷ ശനിയാഴ്‌ചയാണ് നടന്നത്. പരീക്ഷയ്‌ക്കിടെ അഞ്ജു കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതർ വിദ്യാർഥിനിയെ ശാസിച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. ഇതേ തുടർന്നാണ് അഞ്ജു ആത്മഹത്യ ചെയ്‌തതെന്നും നന്നായി പഠിക്കുന്ന തന്റെ മകൾ കോപ്പിയടിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ ഷാജി പറഞ്ഞു. പൊലീസിനു നൽകിയ പരാതിയിലും ഇത് പറഞ്ഞിട്ടുണ്ട്.

പെൺകുട്ടിയെ കാണാതായതിനു ശേഷം കോളേജ് അധികൃതർ ഗുരുതരമായ അനാസ്ഥ കാട്ടിയതായി ബന്ധുക്കൾ ആരോപിച്ചു. കോപ്പിയടിച്ച് പിടിച്ചെന്ന ആരോപണം സത്യമാണെങ്കിൽ രക്ഷിതാക്കളെയോ പഠിക്കുന്ന കോളേജ് അധികൃതരെയോ അറിയിക്കാതെ കുട്ടിയെ തനിയെ മടക്കി അയച്ചത് എന്തിനെന്നും ബന്ധുക്കൾ ചോദിച്ചു. ശനിയാഴ്‌ച കാണാതായ കുട്ടിക്കുവേണ്ടി ഇന്നലെ മുഴുവൻ തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോളേജ് അധികൃതരിൽ നിന്ന് തങ്ങൾക്ക് യാതൊരു പ്രതികരണവും ലഭിക്കാത്തതിൽ രക്ഷിതാക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു.

Read Also: സൂപ്പർതാരങ്ങളടക്കം പ്രതിഫലം കുറയ്‌ക്കാൻ സാധ്യത; സൂചന നൽകി ‘അമ്മ’

എന്നാൽ, മാതാപിതാക്കളുടെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ് കോളേജ് അധികൃതർ ചെയ്‌തത്. വിദ്യാർഥിനിയെ കോപ്പിയടിച്ചതിനു പിടിച്ചിരുന്നു. പരീക്ഷയ്‌ക്ക് ശേഷം ഓഫീസ് മുറിയിലെത്താൻ ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥിനി എത്തിയില്ലെന്നും നിർദേശം പാലിക്കാതെ ക്യാംപസ് വിട്ടു പുറത്തേക്ക് പോകുകയായിരുന്നെന്നും കോളേജ് അധികൃതർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.