ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ട് അധികൃതരുമായി ആലപ്പുഴ ജില്ലാ കലക്ടര്‍ ഇന്ന് വീണ്ടും ഹിയറിങ് നടത്തും. റിസോര്‍ട്ട് പരിസരത്ത് നിലം നികത്തിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഇന്ന് സമര്‍പ്പിക്കാനാണ് കലക്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥലം കയ്യേറിയിട്ടില്ലെന്നും കലക്ടര്‍ ഉന്നയിച്ച എല്ലാ വിഷയങ്ങള്‍ക്കും വിശദീകരണം നല്‍കുമെന്നും റിസോര്‍ട്ട് അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോർട്ടിനു സമീപത്തെ നിലം നികത്തൽ സംബന്ധിച്ചു കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ തെളിവെടുപ്പിൽ രേഖകൾ ഹാജരാക്കാൻ റിസോർട്ട് പ്രതിനിധികൾ ഇന്നുവരെ സമയം ചോദിക്കുകയായിരുന്നു. ആവശ്യം കലക്ടര്‍ അംഗീകരിച്ചു. അതനുസരിച്ചാണ് വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിലം നികത്തിയെടുത്ത പാർക്കിങ് ഗ്രൗണ്ട് തങ്ങളുടെ ഉടമസ്ഥതയിലല്ലെന്നു നിലപാടെടുത്ത റിസോർട്ട് പ്രതിനിധികൾ തങ്ങളുടെ വാദം തെളിയിക്കാനുള്ള രേഖകൾ ഇന്നു ഹാജരാക്കും.

കഴിഞ്ഞ തവണ വിളിപ്പിച്ചപ്പോള്‍ നിലം പരിവര്‍ത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്നു മാത്രമാണ് പറഞ്ഞിരുന്നതെന്നും ഏതെല്ലാം വിഷയങ്ങളില്‍ കമ്പനി മറുപടി നല്‍കണമെന്ന് കൃത്യമായി പറഞ്ഞിരുന്നില്ലെന്നും റിസോര്‍ട്ട് അധികൃതര്‍ വിശദീകരിച്ചു. ഇക്കാര്യം കലക്ടറെ അറിയിച്ചുവെന്നും ഇതു സംബന്ധിച്ച് ഹൈക്കോടതിയിലെ റിട്ട് ഹർജി, ഇടക്കാല ഉത്തരവ്, അതിന്മേൽ 12.11.2014 ന് കലക്ടര്‍ നല്‍‍കിയ റിപ്പോർട്ട് എന്നിവയും കഴിഞ്ഞ ഹിയറിങ് വേളയിൽ സമർപ്പിച്ചുവെന്നും റിസോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ