തിരുവനന്തപുരം: ദേവികുളം സബ്കളക്ടർ സ്ഥാനത്ത് നിന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറായി നിയമനം ലഭിച്ച ശ്രീറാം വെങ്കിട്ടരാമന് ആശംസകളുമായി പ്രശാന്ത് നായർ. പണ്ട് താനും ഇരുന്ന പോസ്റ്റാണ് എംപ്ലോയ്മെന്റ് ഡയറക്ടർ സ്ഥാനമെന്നും ‘എംപ്ലോയ്മന്റ് എന്നാൽ തൊഴിൽ, ജോലി, പണി എന്നൊക്കെ അർത്ഥം വരുമെന്നും’ സര്‍ക്കാരിനെ പരോക്ഷമായി പരിഹസിച്ച് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
മൂന്നാറിൽ ശ്രീറാം വെങ്കിട്ടരാമന് സ്വീകരിച്ച കടുത്ത നിലപാടുകൾ വലിയ വിവാദമായി മാറിയിരുന്നു. ഏറ്റവും ഒടുവിൽ മൂന്നാർ പൊലീസ് സ്റ്റേഷനോട് ചേർന്ന 22 സെന്റ് ഭൂമി സ്വകാര്യ റിസോർട്ട് കൈയ്യേറിയ സംഭവത്തിലും അദ്ദേഹം കടുത്ത നിലപാടെടുത്തു. ഇതേ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇദ്ദേഹത്തോട് അതൃപ്തി ഉണ്ടായിരുന്നു.
എന്നാൽ മൂന്നാറിൽ കൈയ്യേറ്റമൊഴിപ്പിക്കാനുള്ള തീരുമാനം ഇടതുപക്ഷ സർക്കാരിന്റേതാണ്. ആ നടപടികൾ ഇനിയും തുടരുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. 2013 ബാച്ചിലെ ഐഎഎസ് ഉദ്യഗസ്ഥരാരും ഇനി സബ് കളക്ടറായി തുടരേണ്ടെന്ന ഭരണപരമായ തീരുമാനമാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സ്വീകരിച്ചത് എന്നും റവന്യു മന്ത്രി വിശദീകരിച്ചു.
റിസോർട്ട് ഉടമയിൽ നിന്ന് കൈയ്യേറിയ സ്ഥലം ഏറ്റെടുത്ത് ഇവിടെ മൂന്നാർ വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമം ഇന്നലെ ശ്രീറാം വെങ്കിട്ടരാമൻ നടത്തിയത്. ഈ ശ്രമം നടപ്പിലാകും മുൻപാണ് അടിയന്തിര തീരുമാനം.