തിരുവനന്തപുരം: കോഴിക്കോട് ജില്ലാ കലക്‌ടർ എൻ.പ്രശാന്തിനെ മാറ്റി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പ്രശാന്തിന് പകരം ടൂറിസം ഡയറക്‌ടറായിരുന്ന യു.വി.ജോസാണ് പുതിയ കലക്‌ടർ. എൻ.പ്രശാന്തിന്റെ പുതുയ ചുമതല എന്തെന്നു വ്യക്തമായിട്ടില്ല.

ഫെയ്‌സ്ബുക്കിലൂടെ പൊതുജനങ്ങളുമായി നിരന്തരം സംവദിച്ചിരുന്ന പ്രശാന്തിനെ ‘കലക്‌ടർ ബ്രോ’ എന്നു വിളിച്ചാണ് ജനങ്ങൾ സ്‌നേഹം അറിയിച്ചിരുന്നത്. കോഴിക്കോട് കലക്‌ടറുടെ ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജിലൂടെ ജന പങ്കാളിത്തത്തോടെ നിരവധി പ്രവർത്തനങ്ങൾ നടത്തിയ പ്രശാന്ത് വളരെയേറെ ജനപിന്തുണ നേടിയ കലക്‌ടറായിരുന്നു.

ഓപ്പറേഷൻ സുലൈമാനിയടക്കം നിരവധി നൂതന ആശയങ്ങളും പൊതുജനങ്ങൾക്ക് ഉപകാരപ്പെടുന്ന പദ്ധതികളും കോഴിക്കോട് നടപ്പിലാക്കിയ അദ്ദേഹം ശ്രദ്ധ നേടി.

കോഴിക്കോട് എംപി എം.കെ.രാഘവനുമായി പരസ്യമായി കൊമ്പുകോർത്ത പ്രശാന്തിനെതിരെ എംപി മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്‌തിരുന്നു. ഇത് വലിയ വിവാദങ്ങളും സൃഷ്‌ടിച്ചിരുന്നു.

കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പ്രശാന്ത് 2015 മെയ് മാസത്തിലാണ് കോഴിക്കോട് കലക്‌ടറായി ചുമതലയേറ്റത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ