ആലപ്പുഴ: ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയ സിപിഎം പ്രാദേശിക നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം ചേര്‍ത്തല കുറുപ്പൻകുളങ്ങര ലോക്കൽ കമ്മിറ്റി അംഗമായ ഓമനക്കുട്ടനാണ് ദുരിതബാധിതരില്‍ നിന്നും പിരിവ് നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതോടെ സംഭവം വിവാദമായി. ലോക്കൽ കമ്മിറ്റിയിൽ നിന്ന് ഓമനക്കുട്ടനെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.
ക്യാംപിലെ അന്തേവാസികൾ തങ്ങളുടെ മൊബൈൽ ക്യാമറയിൽ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സിവിൽ സപ്ലൈസ് ഡിപ്പോയിൽ നിന്ന് ക്യാംപിലേക്ക് ഭക്ഷ്യസാധനങ്ങൾ കൊണ്ടുവരാനുള്ള വാഹനത്തിന് വാടക നല്‍കുന്നതിന് എന്ന പേരിലായിരുന്നു ഓമനക്കുട്ടന്റെ പിരിവ്. ക്യാംപ് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടിൽ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നതെന്നും ഇതിന് പിരിവ് നല്‍കണമെന്നും ഇയാൾ ക്യാംപിലുള്ളവരോട് പറഞ്ഞു. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി പട്ടിക വർഗ കോളനി നിവാസികളാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാംപിലെത്തിയത്. ഈ ക്യാംപിന്റെ കഴിഞ്ഞ വർഷത്തെ സംഘാടകൻ ഓമനക്കുട്ടനായിരുന്നു.
Read Also: ദുരിതാശ്വാസ ക്യാംപിൽ പണപ്പിരിവ്; സിപിഎം ലോക്കൽ കമ്മിറ്റി അംഗം വിവാദത്തിൽ
ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടത്തിയെന്ന് ഓമനക്കുട്ടന്‍ തന്നെ നേരിട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. ഉദ്യോഗസ്ഥര്‍ പണം നല്‍കാത്തത് കൊണ്ടാണ് പിരിവ് നടത്തി ദുരിതാശ്വാസ ക്യാംപിലെ ആവശ്യങ്ങള്‍ താന്‍ നടപ്പാക്കിയതെന്നാണ് ഇയാൾ മാധ്യമങ്ങളോട് പറയുന്നത്.
അതേസമയം, ദുരിതാശ്വാസ ക്യാംപില്‍ പണപ്പിരിവ് നടന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്നും ചേര്‍ത്തല തഹസില്‍ദാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ക്യാംപിലെ എല്ലാ ചെലവുകള്‍ക്കും സർക്കാർ പണം നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി പണം പിരിക്കരുതെന്ന് ഇയാളോട് പറഞ്ഞിട്ടുണ്ടെന്നും തഹസില്‍ദാര്‍ പറഞ്ഞു. പണപ്പിരിവ് നടക്കുന്നത് മാധ്യമങ്ങളിലൂടെ ശ്രദ്ധയില്‍പ്പെട്ട ജില്ലാ കലക്ടറും സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു.