കൊച്ചി: കോയമ്പത്തൂർ അവിനാശിയിൽ കെഎസ്ആർടിസി ബസിൽ ട്രക്ക് ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച 19 പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. വ്യാഴാഴ്ച തന്നെ എല്ലാവരുടേയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തിരുന്നു.

അപകടത്തിൽ മരിച്ച ഡ്രൈവർ ഗിരീഷിന്റേയും കണ്ടക്ടർ ബൈജുവിന്റേയും മൃതദേഹങ്ങൾ ഇന്നെല രാത്രി തന്നെ വീട്ടിൽ എത്തിച്ചിരുന്നു. കെഎസ്ആർടിസി സൗത്ത് ബസ് സ്റ്റേഷനിൽ അൽപസമയം പൊതുദർശനത്തിന് വെച്ച ശേഷം മൃതദേഹങ്ങൾ മോർച്ചറികളിലേക്ക് മാറ്റി. ബൈജുവിന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതരയോടെ പേപ്പതിയിലെ വീട്ടിൽ സംസ്‌കരിച്ചു. 12 മണിയോടെ ഗിരീഷിന്റെ മൃതദേഹവും സംസ്കരിച്ചു.

ബെംഗളൂരു ഐടി കമ്പനി ജീവനക്കാരിയും ഇടപ്പള്ളി സ്വദേശിനിയുമായ ഐശ്വര്യ, തൃപ്പൂണിത്തുറയിലെ ഗോപിക എന്നിവരുടെ സംസ്കാര ചടങ്ങുകളും ഇന്ന് നടന്നു. തൃശ്ശൂർ ജില്ലയിൽ മരിച്ച ആറുപേരുടേയും മൃതദേഹങ്ങൾ ഇന്ന് സംസ്കരിച്ചു. ഒല്ലൂർ സ്വദേശി ഇഗ്നി റാഫേൽ, നസീഫ് മുഹമ്മദ് അലി, യേശുദാസ്, അനു, ജോഫി ഹനീഷ് എന്നിവരാണ് തൃശൂർ ജില്ലയിൽ മരിച്ചവർ. നസീഫ് മുഹമ്മദ് അലിയുടെ മൃതദേഹം ഇന്ന് പുലർച്ചയോടെ സംസ്കരിച്ചു.

മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റവരുടെ ചികിത്സച്ചെലവുകൾ സർക്കാർ വഹിക്കും.

അതേസമയം കണ്ടെയ്നർ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സ്വദേശി ഹേമരാജിനെതിരെയാണ് മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് തമിഴ്‌നാട് പൊലീസ് കേസെടുത്തത്. ഹേമരാജൻ നേരത്തേ തന്നെ കീഴടങ്ങിയിരുന്നു. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജൻ മൊഴി നല്‍കി.

അശ്രദ്ധമായി വാഹനമോടിച്ചതിനെതിരെയാണ് കേസെടുത്തത്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും. ഹേമരാജനെ ഈറോഡ് പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ലോറിയുടെ ടയർ പൊട്ടിയാണ് അപകടം സംഭവിച്ചത് എന്നായിരുന്നു ഡ്രൈവർ ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ മോട്ടോർ വാഹനവകുപ്പ് ഈ വാദം തള്ളി. സംഭവത്തിൽ തമിഴ് നാട് പൊലീസ് അന്വേഷണം തുടരും.

തമിഴ്‌നാട്ടിലെ തിരുപ്പൂർ അവിനാശിയിൽ നടന്ന അപകടത്തില്‍ 19 മലയാളികളാണ് മരിച്ചത്. 20 പേർക്ക് പരുക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന ബസാണ് അപകടത്തിൽ പെട്ടത്. കൊച്ചിയിൽനിന്ന് ടൈൽസുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു കണ്ടെയ്നർ ലോറി. ഡിവൈഡറിൽ കയറി എതിർവശത്തുകൂടി വരുകയായിരുന്ന കെഎസ്ആർടിസി ബസിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു.

ബസ് ഡ്രൈവർ ടിഡി ഗിരീഷ് (43, പെരുമ്പാവൂർ, എറണാകുളം), കണ്ടക്ടർ ബൈജു (47, പിറവം, എറണാകുളം), ഇഗ്‌നി റാഫേല്‍ (39, ഒല്ലൂര്‍,തൃശൂര്‍), ഹനീഷ് ( 25, തൃശൂര്‍), നസീഫ് മുഹമ്മദ് അലി ( 24, തൃശൂര്‍), ശിവകുമാര്‍ ( 35, ഒറ്റപ്പാലം), റോസിലി ( 61, പാലക്കാട്), രാഗേഷ്. കെ (35, പാലക്കാട്), ജിസ്‌മോന്‍ ഷാജു ( 24, തുറവൂര്‍), ഐശ്വര്യ (28, എറണാകുളം), കിരണ്‍ കുമാര്‍ (33, തുംകൂർ, കർണാടക), കെവി അനു (തൃശൂര്‍), ജോഫി പോൾ (തൃശൂര്‍), മാനസി മണികണ്ഠൻ (25, ബെംഗളുരു), ടിജി ഗോപിക (24, തൃപ്പൂണിത്തുറ, എറണാകുളം) എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.