കൊച്ചി: തൃക്കാക്കര മോഡൽ എൻജീനിയറിങ് കോളേജിൽ നിന്നാണ് ഗോപിക ബിടെക് പൂർത്തിയാക്കുന്നത്. കോളേജിലെ പ്രിൻസിപ്പാലിനും അധ്യാപകർക്കും വിദ്യാർഥികൾക്കും ഏറെ പ്രിയപ്പെട്ട വിദ്യാർഥിനിയായിരുന്നു ഗോപിക. പഠിക്കാൻ മിടുമിടുക്കി. എന്ത് ബുദ്ധിമുട്ടുള്ള കാര്യവും അതിവേഗം മനസ്സിലാക്കിയെടുക്കാനുള്ള കഴിവ് ഗോപികയ്ക്കുണ്ടെന്നാണ് അധ്യാപകരും സുഹൃത്തുക്കളും പറയുന്നത്. ഗോപിക പഠനം പൂർത്തിയാക്കി കോളേജിൽ നിന്നു ഇറങ്ങിയെങ്കിലും പ്രിൻസിപ്പാൽ ഡോ.വിനു തോമസ് തന്റെ പ്രിയ വിദ്യാർഥിനിയെ ഇപ്പോഴും ഓർക്കുന്നു. അവിനാശിയിൽ ഇന്ന് പുലർച്ചെ കെഎസ്ആർടിസി ബസിൽ ട്രക്ക് ഇടിച്ച് കയറി മരിച്ച 18 മലയാളികളിൽ ഒരാളാണ് ഗോപിക..
“തനിക്ക് വ്യക്തിപരമായി അറിയുന്ന വിദ്യാർഥിയാണ് ഗോപികയെന്ന് ഡോ.വിനു തോമസ് പറഞ്ഞു. നന്നായി പഠിക്കുന്ന കുട്ടിയാണ്. വളരെ ആത്മാർത്ഥതയുള്ള കുട്ടി. റാങ്ക് ഹോൾഡറാണ്. പഠിക്കാൻ ബുദ്ധിമുട്ടുള്ള സുഹൃത്തുക്കളെയെല്ലാം ഗോപിക ഒഴിവു സമയത്ത് സഹായിക്കാറുണ്ട്. പലപ്പോഴും ഗോപികയുടെ ഇത്തരം നല്ല പ്രവൃത്തികൾ നേരിട്ടു കണ്ടിട്ടുണ്ട്. ഗോപികയുടെ വിയോഗം വലിയ നഷ്ടമാണ്. ഗോപിക ചെയ്ത നല്ല കാര്യങ്ങളിലൂടെ ആ കുട്ടി ഇനിയും ഞങ്ങളുടെയൊക്കെ മനസ്സിൽ ജീവിക്കും” ഡോ.വിനു തോമസ് ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
Read Also: ദുരന്തമെത്തിയത് ഉറക്കത്തിനിടെ; അവിനാശി അപകട ചിത്രങ്ങൾ
എത്ര ബുദ്ധിമുട്ടുള്ള കാര്യവും അതിവേഗം മനസ്സിലാക്കിയെടുക്കാനുള്ള കഴിവ് ഗോപികയ്ക്കുണ്ടെന്ന് ആത്മാർഥ സുഹൃത്തായ ചെെത്ര പറഞ്ഞു. “നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. കോളേജിൽ ഞങ്ങൾ എപ്പോഴും ഒരുമിച്ചാണ്. പഠിക്കുന്നതിനാണ് അവൾ എപ്പോഴും പ്രാധാന്യം നൽകിയിരുന്നത്. എല്ലാവരേയും സഹായിക്കും. ചിത്രങ്ങൾ വരയ്ക്കും” ചെെത്ര കുട്ടുകാരിയെ കുറിച്ച് ഓർത്തെടുത്തു.
ഗോപിക ജോലി ചെയ്യുന്ന കമ്പനിയിൽ ശനിയും ഞായറും അവധിയാണ്. വെള്ളിയാഴ്ച വെെകിട്ട് ജോലി കഴിഞ്ഞ് നാട്ടിലേക്ക് ബസ് കയറുകയാണ് പതിവ്. പിന്നീട് അച്ഛനും അമ്മയ്ക്കുമൊപ്പം രണ്ട് ദിവസം. ഞായറാഴ്ച രാത്രി തിരിച്ചു ബെംഗളൂരുവിലേക്ക് പോകും. എന്നാൽ, ഇത്തവണ ഗോപികയ്ക്ക് വിധി കാത്തുവച്ചത് മരണമായിരുന്നു.
വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് തിരിക്കാമെന്ന് ഗോപിക തീരുമാനിച്ചു. എന്നാൽ, അച്ഛനും അമ്മയും ഒരു ദിവസം മുന്നേ നാട്ടിലേക്ക് തിരിക്കാൻ ഗോപികയോട് ആവശ്യപ്പെടുകയായിരുന്നു. വെള്ളിയാഴ്ച ശിവരാത്രിയോട് അനുബന്ധിച്ച് ഗോപികയുടെ കമ്പനിക്ക് അവധിയുണ്ടായിരുന്നു. ഒരു ദിവസം മുന്നേ വീട്ടിലെത്തണമെന്ന് അച്ഛനും അമ്മയും ആവശ്യപ്പെട്ടപ്പോൾ ഗോപിക ബുധനാഴ്ച രാത്രി തന്നെ പുറപ്പെടാമെന്ന് തീരുമാനിച്ചു. വ്യാഴാഴ്ച ലീവെടുക്കുകയും ചെയ്തു.
വെള്ളിയാഴ്ചയ്ക്ക് ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്താണ് ഗോപിക ബുധനാഴ്ച നാട്ടിലേക്ക് ടിക്കറ്റെടുത്തത്. അച്ഛന്റേയും അമ്മയുടേയും നിർബന്ധ പ്രകാരമാണ് ആദ്യം ബുക്ക് ചെയ്ത ടിക്കറ്റ് ക്യാൻസൽ ചെയ്തത്.
“പത്ത് മണിക്കൂർ ബസ് യാത്ര ചെയ്തു നാട്ടിലേക്ക് വരുന്നത് വലിയ ബുദ്ധിമുട്ടാണ്. എന്നാലും വീടിനോട് വലിയ ആത്മബന്ധമുള്ള കുട്ടിയാണ് ഗോപിക. അച്ഛന്റെയും അമ്മയുടെയും ഏകമകൾ. അതുകൊണ്ട് തന്നെ രണ്ടോ മൂന്നോ ദിവസം അവധിയുണ്ടെങ്കിൽ യാത്ര ചെയ്യുന്ന സമയമൊന്നും കാര്യമാക്കാറില്ല. ഗോപിക എങ്ങനെയെങ്കിലും നാട്ടിലെത്തും. പഠിക്കാൻ വളരെ മിടുക്കിയായിരുന്നു” ഗോപികയുടെ ബന്ധു പറഞ്ഞു. കഴിഞ്ഞ ഒന്നര വർഷമായി ഗോപിക ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.