കൊച്ചി: സൈബര്‍ സുരക്ഷാ രംഗത്തെ പുത്തന്‍ ആശയങ്ങള്‍ പങ്ക് വെച്ച കൊക്കൂണിന്റെ പതിനൊന്നാം പതിപ്പിന് വര്‍ണാഭമായ കൊടിയിറക്കം. കൊച്ചി ബോള്‍ഗാള്‍ട്ടിയിലെ ഹോട്ടല്‍ ഗ്രാന്‍ഡ് ഹയാത്തില്‍ രണ്ട് ദിവസങ്ങളിലായി നടന്ന കൊക്കൂണിന്റെ സമാപന സമ്മേളനം ചീഫ് സെക്രട്ടി ടോം ജോസ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. മോഹന്‍ലാല്‍ മുഖ്യാതിഥിയായെത്തി

ആധുനിക കാലഘട്ടത്തിൽ നിർമ്മിത ബുദ്ധിയുടേയും, റോബോട്ടിന്റേയും സാധ്യത അനന്തമാണെന്നും അത് പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. കമ്പ്യൂട്ടറിൽ മനുഷ്യബുദ്ധി ഉപയോഗിക്കുന്ന സാഹചര്യം വിദൂരമല്ലെന്ന് പറഞ്ഞ ചീഫ് സെക്രട്ടറി ഡിജിറ്റൽ കാലത്ത് സൈബർ സെക്യുരിറ്റിക്കാണ് മുൻഗണന നൽകേണ്ടതെന്നും പറഞ്ഞു.

സോഷ്യൽ മീഡിയയിലെ അധിക്ഷേപവും പൈറസിയും സിനിമ മേഖല നേരിടുന്ന വെല്ലുവിളിയാണെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത നടൻ മോഹൻലാൽ അഭിപ്രായപ്പെട്ടു. ഇത് നേരിടുന്നതിന് സൈബർ ഡോം ഉൾപ്പെടെയുള്ള പൊലീസിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നൈറ്റ് നിത്യജീവിതത്തിന്റെ ഭാഗമായ കാലത്ത് സൈബര്‍ സുരക്ഷയെ കുറിച്ച് ഏവരും ബോധവാന്മാരാകണമെന്നും മോഹൻലാല്‍ കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്തെ പൊലീസ് ആസ്ഥാനത്തെ റിസപ്ഷൻ കൈകാര്യം ചെയ്യാൻ രണ്ട് മാസത്തിനകം റോബോട്ടിന്റെ സാന്നിധ്യം ഉറപ്പാക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. ട്രാഫിക് രംഗത്തും അപകടരഹിതമായ റോഡ് സുരക്ഷക്കും റോബോട്ടിന്റെ സാന്നിധ്യം ഉറപ്പാക്കുന്ന രീതി പൊലീസിൽ ആവിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.