തിരുവനന്തപുരം: സാങ്കേതികവിദ്യ പകര്‍ന്നുനല്‍കി തെങ്ങുകൃഷിക്ക് പുതുജീവന്‍ നല്‍കാനായി കേരള സ്റ്റാര്‍ട്ടപ് മിഷനും സംസ്ഥാന വ്യവസായ വികസന കോര്‍പറേഷനും (കെഎസ്ഐഡിസി) സംസ്ഥാന ആസൂത്രണ ബോര്‍ഡും ദേശീയാടിസ്ഥാനത്തില്‍ കോഴിക്കോട്ട് കോക്കനട്ട് ചലഞ്ച് നടത്തും.

തെങ്ങുകൃഷിരീതി, വിപണനം, സംസ്കരണം എന്നീ മേഖലകളില്‍ നൂതനാശയങ്ങളും കണ്ടുപിടിത്തങ്ങളുമായി സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യക്തികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും മറ്റും ഈ വെല്ലുവിളി ഏറ്റെടുക്കാം. വന്‍സമ്മാനത്തുകയ്ക്കും പുറമെ തങ്ങളുടെ ആശയങ്ങളും ഉല്പന്നങ്ങളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്ന് മാര്‍ഗനിര്‍ദ്ദേശവും നിക്ഷേപവും പരിശീലനവും ലഭിക്കും.

സെപ്റ്റംബര്‍ ആറു മുതല്‍ ഏഴുവരെ കോഴിക്കോട് റാവിസ് കടവില്‍ നടക്കുന്ന ഇന്‍റര്‍നാഷണല്‍ കോക്കനട്ട് കോണ്‍ഫറന്‍സിന്‍റെ ഭാഗമായാണ് കോക്കനട്ട് ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇതില്‍ പങ്കെടുക്കാനുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 19 വരെ //startupmission.kerala.gov.in/programs/ncc/ എന്ന ലിങ്കില്‍ സ്വീകരിക്കും. മികച്ച പത്ത് അപേക്ഷകരെ ഓഗസ്റ്റ് 22-ന് പ്രഖ്യാപിക്കും. ഇതില്‍നിന്ന് മൂന്ന് അപേക്ഷകരെ സെപ്റ്റംബര്‍ 6, 7 തീയതികളില്‍ അവതരണത്തിന് ക്ഷണിക്കും. ഇവര്‍ക്ക് ആകെ ഒരു ലക്ഷം രൂപയാണ് സമ്മാനമായി നല്‍കുന്നത്. ഇതിനുപുറമെ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകാന്‍ കെഎസ്യുഎം ഏഴു ലക്ഷം രൂപ വരെ സ്കെയില്‍-അപ് ഗ്രാന്‍റ് നല്‍കും.

ഏറ്റവും മികച്ച പത്ത് അപേക്ഷകര്‍ക്ക് കെഎസ്യുഎം സംഘടിപ്പിക്കുന്ന അടുത്ത ഐഡിയ ഡേയില്‍ അവതരണത്തിന് അവസരം ലഭിക്കും. സാമൂഹിക പ്രതിബദ്ധതയുള്ള സ്റ്റാര്‍ട്ടപ്പുകളെ കണ്ടുപിടിച്ച് സമ്മാനവും പരിശീലനവും നല്‍കാനുള്ള മത്സരമാണ് ഐഡിയ ഡേ. ഇതിനു പുറമെയാണ് കെഎസ്ഐഡിസി നൽകുന്ന സമ്മാനങ്ങള്‍. മികച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 25 ലക്ഷം രൂപ സീഡ് സപ്പോര്‍ട്ടായി നല്‍കും. മികച്ച മൂന്ന് അപേക്ഷകരെ ഇന്‍റര്‍നാഷണല്‍ കോക്കനട്ട് കോണ്‍ഫറന്‍സ് എക്സ്പോയില്‍ അവതരണത്തിന് ക്ഷണിക്കും.

സംരംഭകരെയും നൂതനാശയങ്ങളുള്ളവരെയും കര്‍ഷകരെയും വ്യവസായികളെയും ഒരു വേദിയില്‍ കൊണ്ടുവന്ന് തേങ്ങയിടീല്‍, സംഭരണം, കൃഷിരീതികള്‍, വ്യവസായ സംസ്കരണം, മൂല്യവല്‍കരണം, വിതരണം, വിപണനം, മാനേജ്മെന്‍റ് എന്നിവയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ഈ പരിപാടിയിലൂടെ സ്റ്റാര്‍ട്ടപ് മിഷന്‍ ലക്ഷ്യമിടുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.