കൊച്ചി : ഇന്ത്യന്‍ നാവികസേനയ്ക്കായി കുറഞ്ഞ യുദ്ധകപ്പലുകൾ  നിർമ്മിച്ച് നല്‍കുമെന്ന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ . ഏറ്റവും ചുരുങ്ങിയ തുകയായ 5400 കോടി രൂപയ്ക്ക് നാവിക സേനയക്ക് യുദ്ധകപ്പലുകൾ നിർമ്മിച്ച് നൽകാനാകുമെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് അറിയിച്ചു.  ചൊവ്വാഴ്ച നടത്തിയ ഈ പ്രഖ്യാപനത്തിനു പിന്നാലെ ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 10.93ശതമാനത്തോളം ഉയര്‍ന്ന  കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്‍റെ ഷെയര്‍.   572.40  രൂപയുടെ വര്ദ്ധനവിലാണ് അത് അവസാനിച്ചത്. യുദ്ധാവശ്യങ്ങള്‍ക്കായുപയോഗിക്കുന്ന ചെറുകപ്പലുകളാണ് കൊച്ചിയില്‍ നിർമ്മിക്കുക.

പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടത് 16 എഎസ്ഡബ്ല്യൂ എസ്ഡബ്ല്യൂസി പ്രൊജക്ടുകള്‍ക്കായിരുന്നുവെങ്കിലും എട്ടെണ്ണത്തിന്‍റെ കരാര്‍ മാത്രമാണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ എടുത്തിരിക്കുന്നത്.

പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള യാര്‍ഡുകള്‍ ഒരുപോലെ പങ്കെടുത്ത ലേലത്തിനൊടുവിലാണ് പ്രതിരോധമന്ത്രാലയത്തില്‍ നിന്നും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ ലേലം പിടിക്കുന്നത്. സ്വാഭാവികമായ സമയത്തിനുള്ളില്‍ പ്രതിരോധ വകുപ്പില്‍ നിന്നും പദ്ധതിയുടെ കരാര്‍ കൈപ്പറ്റുമെന്നു കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌ അറിയിച്ചു.

ഡോക്ക് വിസ്തൃതിയുടെ കാര്യത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ഷിപ്പ്‌യാര്‍ഡ്‌ ആണ് കൊച്ചിയിലേത്. പ്രതിരോധ മേഖലയിലും സ്വകാര്യ മേഖലയിലും ഒരു പോലെ പ്രവര്‍ത്തിക്കുന്നതാണ്  കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌. ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടി തദ്ദേശീയമായ വിമാനവാഹിനി നിര്‍മ്മിച്ചതിന്  പുറമേ ഇന്ത്യന്‍ സര്‍ക്കാരിനുവേണ്ടി ടെക്നോളജി ഡെമോൺസ്‌ട്രേഷൻ കപ്പലും  നിർമ്മിക്കുന്നുണ്ട് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്‌.

വളർച്ചയുടെ പാതയിലുള്ള കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്‍റെ ഓഗസ്റ്റ് 2017 വരെയുള്ള കണക്ക് നോക്കിയാല്‍ വികസനം ലക്ഷ്യമിട്ടുകൊണ്ട് 1,468 കോടിരൂപയാണ് ഐപി ഓ വഴി  കൊച്ചിന്‍ ഷിപ്പ്‌യാർഡ് സ്വരൂപിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ