കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ 25 കോടിയുടെ കൊക്കെയ്ൻ പിടികൂടിയ സംഭവത്തിൽ പ്രതിക്ക് കൊച്ചിയിലെ മുൻ നിര ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. ഈ ഹോട്ടലിലേക്കാണോ കൊക്കെയ്ൻ കടത്തിയതെന്നാണ് പൊലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.
കൊക്കെയ്നുമായി പിടിയിലായ ഫിലിപ്പീൻ സ്വദേശിനി ജോനായ്ക്ക് വേണ്ടി വിദേശത്ത് നിന്ന് ഈ ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നു. ജോനായെ ചോദ്യം ചെയ്ത് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നാർക്കോട്ടിക് സെല്ലാണ് കഴിഞ്ഞ ദിവസം വിമാനത്താവളത്തിൽ നിന്ന് ജോനായെ പിടികൂടിയത്.
ബ്രസീലിലെ സാവോ പോളോയിൽ നിന്ന് എത്യോപ വഴി മസ്കറ്റിലെത്തിയ യുവതി ഇവിടെ നിന്ന് ഒമാൻ എയർവേസിലാണ് കേരളത്തിലേക്ക് വന്നത്. വിമാനത്താവളത്തിൽ നാർക്കോട്ടിക് സെൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
അതേസമയം, നവബംർ 21 ന് പരാഗ്വേ സ്വദേശിയിൽ നിന്ന് 15 കോടിയുടെ കൊക്കെയ്ൻ പിടികൂടിയ സംഭവവും കഴിഞ്ഞ മാസം വെനസ്വേല സ്വദേശിയിൽ നിന്ന് ഒരു കോടിയുടെ കൊക്കെയ്ൻ പിടികൂടിയ സംഭവവും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.