കൊല്ലം: കൊല്ലം അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റു മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ഏറം വെള്ളശേരി വീട്ടിൽ ഉത്ര വീടിനുള്ളിൽ പാമ്പുകടിയേറ്റു മരിച്ച സംഭവത്തിലാണ് പുതിയ വഴിത്തിരിവ്. ആരോപണവുമായി രക്ഷിതാക്കൾ രംഗത്തെത്തിയിരിക്കുന്നത്. മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഇവർ പൊലീസിൽ പരാതി നൽകി. അഞ്ചലിൽ ഏറം വെള്ളശേരി വീട്ടിൽ വിശ്വനാഥൻ, വിജയലക്ഷ്‌മി ദമ്പതികളുടെ മകളാണ് മേയ് എഴിനു പാമ്പു കടിയേറ്റു മരിച്ച ഉത്ര. യുവതിയുടെ ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് മരിച്ച ഉത്രയുടെ അച്ഛന്‍ ആരോപിച്ചു. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്‌പിക്ക് പരാതി നല്‍കിയിരിക്കുന്നത്.

രാത്രി ഭർത്താവിനും മകനും ഒപ്പം കിടന്നുറങ്ങിയതാണ് ഉത്ര. പിറ്റേന്ന് രാവിലെ എഴുന്നേറ്റ് നോക്കിയപ്പോൾ ബോധരഹിതയായി കിടക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് എത്തിച്ചു. അപ്പോഴാണ് യുവതിക്ക് പാമ്പ് കടിയേറ്റതായി അറിയുന്നത്. പിന്നീട് ബെഡ് റൂമിൽ നടത്തിയ തെരച്ചലിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയും ചെയ്‌തു. ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം. മുറിയിൽ കാണപ്പെട്ട വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തിരുന്നു.

Read Also: ലോക്ക്ഡൗൺ ഉപജീവനം മുടക്കി; തെരുവിൽ പഴം വിറ്റും മരുന്നിന് പണം കണ്ടെത്താൻ സഹായം തേടിയും ബോളിവുഡ് നടൻമാർ

സൂരജും മകനും അതേ മുറിയിൽ ഉണ്ടായിരുന്നിട്ടും പാമ്പ് കടിച്ചത് ഉത്രയെ മാത്രമാണ്. ഇരുവരുടെയും മകന് ഒരു വയസ് മാത്രമാണ് പ്രായം. ഉത്രയെ പാമ്പ് കടിച്ചതും മരിച്ചതും താൻ അറിഞ്ഞില്ലെന്നാണ് സൂരജ് മൊഴി നൽകിയത്. ഇതിൽ വെെരുദ്ധ്യമുണ്ടെന്നാണ് ഉത്രയുടെ മാതാപിതാക്കളുടെ ആരോപണം. മകൾക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടരുകയാണെന്നും അഞ്ചല്‍ പൊലീസ് പറഞ്ഞു.

മാർച്ച് 2ന് അടൂർ പറക്കോടുള്ള ഭർതൃവീട്ടിൽ വച്ചും ഉത്രയ്‌ക്ക് പാമ്പ് കടിയേറ്റിരുന്നു. അന്ന് പാമ്പ് കടിയേറ്റതിനെ തുടർന്ന് ഉത്തരയെ പുഷ്‌പഗിരി മെഡിക്കൽ കോളേജിൽ ചികിത്സിക്കുകയായിരുന്നു. ആശുപത്രിയിലെ ചികിത്സയ്‌ക്ക് ശേഷം വീട്ടിൽ ചികിത്സ തുടരുമ്പോഴാണ് ഉത്തരയെ വീണ്ടും പാമ്പ് കടിയേറ്റത്. അന്ന് അണലിയാണ് ഉത്തരയെ കടിച്ചത്. ചികിത്സയിലായതിനാൽ ഉത്ര തന്റെ കൊല്ലം അഞ്ചലിലുള്ള സ്വന്തം വീട്ടിൽ കഴിയുകയായിരുന്നു. രണ്ടാമത് പാമ്പ് കടിയേറ്റു മരിച്ച ദിവസം ഭർത്താവ് സൂരജ് ഉത്രയുടെ അഞ്ചലിലുള്ള വീട്ടിലേക്ക് എത്തുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook