കൊച്ചി: കൊച്ചിയിലെ വിവാദമായ ചിലവന്നൂരിലെ ഡിഎൽഎഫിന്രെ ഫ്ലാറ്റ് പൊളിക്കേണ്ടെന്ന് സുപ്രീംകോടതി. തീരദേശ നിയമം ലംഘിച്ച് നിർമ്മിച്ച ഫ്ലാറ്റ് പൊളിക്കാനുളള നിർദേശത്തിനെതിരെ ഹൈക്കോടതി നൽകിയ വിധിയെ അംഗീകരിച്ചുകൊണ്ടാണ് സുപ്രീം കോടതി വിധി. തീരദേശ പരിപാലന അതോറിറ്റിക്കാണ് ഒരു കോടി രൂപ നൽകേണ്ടതെന്ന് സുപ്രീംകോടതി വിധി.

സംസ്ഥാന സർക്കാരിന്രെയും തീരദേശ പരിപാലന അതോറിറ്റിയുടെയും ഹർജികളാണ് സുപ്രീംകോടതി തളളിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്രെ ഉത്തരവ് അതുപോലെ സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. നേരത്തെ തീരദേശ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയ ഫ്ളാറ്റ് ഒരു കോടി രൂപ പിഴയടച്ചാൽ മതിയെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്  വിധി പുറപ്പെടുവിച്ചിരുന്നു. ഇത് സംബന്ധിച്ച് സുപ്രീംകോടതിയിൽ ചെന്ന കേസിലാണ് വിധി.

ചിലവന്നൂരിലെ കായൽ തീരത്ത് നിയമവിരുദ്ധമായി നിർമ്മിച്ച  ഫ്ലാറ്റ് പൊളിച്ചു നീക്കണമെന്ന് 2014 കേരളാ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെയുളള അപ്പീലിലാണ് പിഴ ഈടാക്കി കെട്ടിട സമുച്ചയം നിലനിർത്താൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അനുമതി നൽകിയത്. ഫ്ലാറ്റ് നിർമ്മാണം നിയമവിരുദ്ധമാണെങ്കിലും പൊളിച്ചു നീക്കുന്നത് കൂടുതൽ പ്രശ്നങ്ങളായിരിക്കും സൃഷ്ടിക്കുകയെന്ന് വ്യക്തമാക്കിയാണ് ഡിവിഷൻ ബെഞ്ച്  പിഴ ഈടാക്കാൻ നിർദ്ദേശിച്ചത്.

തീരദേശ പരിപാലന ചട്ടത്തിന്രെ ലംഘനം മുൻനിർത്തിയാണ് പിഴ ഈടാക്കാൻ ഹൈക്കോടതി വിധിച്ചത്. ഈ തുക പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്നും നിർദേശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ