കൊച്ചി: മുനമ്പം തീരത്തിന് കിഴക്ക് പുറംകടലിൽ കപ്പലിടിച്ച് തകർന്ന ബോട്ടിൽ നിന്ന് കാണാതായ ഒൻപത് പേരിൽ ആരെയും ഇന്ന് കണ്ടെത്താനായില്ല. നാവികസേനയും കോസ്റ്റ് ഗാർഡും തിരച്ചിൽ നടത്തുന്നുണ്ട്. കണ്ടെത്താനുളള ഒൻപത് പേരിൽ ഏഴ് പേർ തമിഴ്‌നാട്ടിലെ കുളച്ചൽ സ്വദേശികളും ഒരാൾ വെസ്റ്റ് ബംഗാൾ സ്വദേശിയും ഒരാൾ മലയാളിയുമാണ്.
ബോട്ടിന്റെ ഡ്രൈവറാണ് കാണാതായ മലയാളി എറണാകുളം മാല്യങ്കര സ്വദേശി ഷിജു. ബോട്ടിൽ മത്സ്യബന്ധനത്തിന് പോയ 14 അംഗ സംഘത്തിലുണ്ടായിരുന്ന ഏക മലയാളി ഇയാളായിരുന്നു. ഷിജുവിന് പുറമെ, സഖാരാജ്, ഷിജു, ബികാസ് ദാസ്, ദിനേശൻ, യേശുബാലൻ, സാലു, രാജേഷ്, പോൾസൺ എന്നിവരെ കണ്ടെത്താനുണ്ട്. ഇവരിൽ ബികാസ് ദാസ് ഒഴികെ മറ്റെല്ലാവരും തമിഴരാണ്.
അപകടത്തിന് കാരണമായതെന്ന് സംശയിക്കുന്ന രണ്ട് കപ്പലുകൾ കസ്റ്റഡിയിലുണ്ടെന്ന് കേരള കോസ്റ്റൽ പൊലീസ് എഡിജിപി സുദേഷ് കുമാർ പറഞ്ഞു. “സംഭവം നടന്ന സമയത്ത് ഇതുവഴി പോയ രണ്ട് കപ്പലുകളാണ്. ഒന്ന് ന്യൂമംഗലാപുരം പോർട്ടിലും കൊളംബോയിലേക്ക് പോയ മറ്റൊരു ചരക്കുകപ്പൽ തൂത്തുക്കുടിയിലും ആണ് ഉളളത്. മത്സ്യത്തൊഴിലാളികളെ ഇടിച്ചിട്ടില്ലെന്നാണ് ന്യൂ മംഗലാപുരം പോർട്ടിലുളള ചരക്കുകപ്പലിലെ ക്യാപ്റ്റൻ പറഞ്ഞത്.”
സംഭവത്തിൽ പൊലീസോ, കോസ്റ്റ് ഗാർഡോ അല്ല, മറിച്ച് ഡിജി ഷിപ്പിങ്ങാണ് ഏത് കപ്പലാണെന്ന് സ്ഥിരീകരിക്കുകയെന്ന് സുദേഷ് കുമാർ പറഞ്ഞു. “വിദഗ്‌ധ അഭിപ്രായം പറയേണ്ടത് അവരാണ്. അതിന് ശേഷമേ ഞങ്ങളുടെ അന്വേഷണം ആരംഭിക്കുകയുളളൂ. ഡിജി ഷിപ്പിങ്ങിൽ നിന്നുളള റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.”
കപ്പലിടിച്ച് തകർന്ന ബോട്ടിൽ നിന്ന് രക്ഷപ്പെട്ട നരേൻ സർക്കാരിനെയും എഡ്വിനെയും എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി സന്ദർശിച്ച ശേഷമാണ് അദ്ദേഹം ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് സംസാരിച്ചത്. കോസ്റ്റൽ പൊലീസ് ഡിഐജി കെ.പി.ഫിലിപ്പും എഡിജിപിക്കൊപ്പം ഉണ്ടായിരുന്നു.
കടലിൽ നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും രണ്ട് ഡോർണിയർ വിമാനങ്ങളും രണ്ട് ഹെലികോപ്റ്ററുകളും മൂന്ന് കപ്പലുകളും തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ രണ്ടാം ദിവസത്തെ തിരച്ചിലിന് മഴമേഘങ്ങൾ തടസം സൃഷ്ടിച്ചതായി എഡിജിപി പറഞ്ഞു.