scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി കേരളം

തീരശോഷണത്തെ സംസ്ഥാനതല ദുരന്തമായി കേരളം മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കേന്ദ്രം അത്തരം തീരുമാനം എടുത്തിട്ടില്ല.

sea erosion, കടലാക്രമണം, valiyathura, വലിയതുറ, sea attack, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തീരശോഷണത്തെ സംസ്ഥാനതല ദുരന്തമായി കേരളം മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കേന്ദ്രം അത്തരം തീരുമാനം എടുത്തിട്ടില്ല.

ഒമ്പത് ജില്ലകളിലായി 590 കിലോമീറ്റര്‍ തീരമാണ് കേരളത്തിനുള്ളത്. കടലാക്രമണം കൊണ്ടും മറ്റും വലിയ തോതില്‍ തീരശോഷണം അനുഭവപ്പെടുന്നുണ്ട്. കടല്‍ക്ഷോഭത്തില്‍ വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടമായിട്ടുണ്ട്. തീരദേശ നിവാസികളുടെ വീടുകളും നഷ്ടപ്പെട്ടിട്ടുണ്ട്. ടൗട്ടേ ചുഴലിക്കാറ്റും നാശനഷ്ടങ്ങള്‍ ഉണ്ടാക്കി.

എസ്ഡിആര്‍എഫിനും എന്‍ഡിആര്‍എഫിനും അനുവദിക്കുന്ന വാര്‍ഷിക തുകയില്‍നിന്ന് സംസ്ഥാനതല ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സഹായം ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം ഉണ്ട്. പത്തു ശതമാനം വരെയാണ് അങ്ങനെ ഉപയോഗിക്കാവുന്നത്. എന്നാല്‍ ഇതുമൂലമുണ്ടാകുന്ന നഷ്ടങ്ങള്‍ക്കു തീരശോഷണത്തെ സംസ്ഥാനതല ദുരന്തമായി കേന്ദ്രം പ്രഖ്യാപിക്കാത്തതിനാല്‍ എസ്ഡിആര്‍എഫ്, എന്‍ഡിആര്‍എഫ് സഹായം അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

Read More: കോവിഡ് വാക്സിൻ: വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി

14-ാം ധനകാര്യ കമ്മിഷന്റെ ശിപാര്‍ശകള്‍ പ്രകാരമാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രകൃതി ദുരന്തഘട്ടത്തില്‍ സഹായം നല്‍കുന്നത്. പതിനഞ്ചാം കമ്മിഷന്റെ ശിപാര്‍ശകള്‍ പ്രകാരം എസ്ഡിആര്‍എംഎഫിലൂടെയും എന്‍ഡിആര്‍എംഎഫിലൂടെയും ആശ്വാസം നല്‍കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പുതുക്കി നിശ്ചയിക്കുന്ന പ്രക്രിയയിലാണ് ഇപ്പോള്‍ കേന്ദ്രം. ഈ സാഹചര്യത്തിലാണു കേരളം കത്തെഴുതിയത്.

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാണ്. മൂന്ന് മാസം 729.6 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 131 ശതമാനം അധിക മാണിത്. 2018ല്‍ ലഭിച്ചതിലുമധികം വേനല്‍ മഴ ഇതിനോടകം കിട്ടി. യാസ് ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം കഴിഞ്ഞ ദിവസങ്ങളില്‍ മഴ ശക്തിപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. വരും ദിവസങ്ങളിലും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പുള്ളതിനാല്‍ 29 വരെ കടലില്‍ പോകാന്‍ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

വിഴിഞ്ഞം, പൂവാര്‍ മേഖലകളില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങള്‍ തിരച്ചിലില്‍ കിട്ടിയതായും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Coastal erosion kerala cm pinarayi vijayan writes to pm narendra modi