തൃശൂർ: കോസ്റ്റ് ഫോര്‍ഡ് ഡയറക്ടറും (സെന്റര്‍ ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫോര്‍ റൂറല്‍ ഡവല്പ്‌മെന്റ്) രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖനുമായ ടി.ആര്‍.ചന്ദ്രദത്ത് (75) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. പൊതുദർശനത്തിനുശേഷം മൃതദേഹം തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് വിട്ടുകൊടുക്കും.

തൃശൂർ ജില്ലയിലെ തളിക്കുളം സ്വദേശിയും ആദ്യകാല കമ്യൂണിസ്റ്റ് നേതാവുമായിരുന്ന തണ്ടയാൻ വീട്ടിൽ ടി.കെ.രാമന്റെയും കുഞ്ഞിപ്പെണ്ണിന്റെയും മകനാണ് ടി.ആർ.ചന്ദ്രദത്ത്. 1964ലെ പിളർപ്പിനു മുൻപുതന്നെ ചന്ദ്രദത്തിന് കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗത്വമുണ്ടായിരുന്നു. പിളർപ്പിനു ശേഷം അച്ഛൻ സിപിഐ നേതാവായി മാറി. പക്ഷേ ചന്ദ്രദത്ത് സിപിഎമ്മിനൊപ്പം നിന്നു.

തൃപ്രയാര്‍ ഗവ. ശ്രീരാമ പോളിടെക്നിക്ക് അധ്യാപകനായിരുന്ന ചന്ദ്രദത്ത് എൻജിഒ യൂണിയന്റെയും കെജിഒയുടെയും ജില്ലാ ഭാരവാഹിയായും എഫ്എസ്ഇടിയുടെ ജില്ലാ സെക്രട്ടറിയായും പ്രര്‍ത്തിച്ചിട്ടുണ്ട്. 1972ൽ ശ്രീരാമ ഗവ. പോളിടെക്നിക്കിൽ അധ്യാപകനായി സർക്കാർ സർവീസിന്റെ ഭാഗമായി. അതോടെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽനിന്നു മാറിനിന്നു. 1969 മുതൽ 1972 വരെ സിപിഎം തളിക്കുളം പഞ്ചായത്ത് കമ്മിറ്റി അംഗമായിരുന്നു. 1998ൽ ശ്രീരാമ ഗവ. പോളിടെക്നിക്കിൽനിന്നു വിരമിച്ചു.

1985ല്‍ സി.അച്യുതമേനോൻ മുൻകയ്യൈടുത്ത് തൃശൂരിൽ സ്ഥാപിച്ച കോസ്റ്റ്ഫോര്‍ഡിന്റെ (സെന്റര്‍ ഓഫ് സയന്‍സ് ആന്റ് ടെക്നോളജി ഫോര്‍ റൂറല്‍ ഡെവലപ്മെന്റ്) ഡയറക്ടർ സ്ഥാനത്ത് തുടക്കം മുതല്‍ ചന്ദ്രദത്താണ്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം മരണംവരെ പ്രവർത്തിച്ചത്. ചെലവു കുറഞ്ഞതും പ്രകൃതിക്ക് ഇണങ്ങുന്നതുമായ കെട്ടിട നിര്‍മാണം, ഊര്‍ജ സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ചന്ദ്രദത്തിന്റെ നേതൃത്വത്തില്‍ ശ്രദ്ധേയമായ സംഭാവനയാണ് കോസ്റ്റ്ഫോര്‍ഡ് നല്‍കിയത്.

അയ്യന്തോളിൽ പ്രത്യാശ ട്രസ്റ്റ് എന്ന പേരിൽ വയോജനങ്ങൾക്കായി പ്രവർത്തിക്കുന്ന പകൽവീടിന്റെ അമരക്കാരനും കൂടിയായിരുന്നു ചന്ദ്രദത്ത്. ആരോഗ്യ സംരക്ഷണം, സ്വയംതൊഴിൽ അവസരം, സ്ത്രീ ശാക്തീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് തളിക്കുളത്തു പ്രവർത്തിക്കുന്ന വികാസ് ട്രസ്റ്റിന്റെ ചെയർമാനാണ്.

1996ല്‍ നാവില്‍ കാന്‍സര്‍ ബാധിച്ച് ശസ്ത്രക്രിയക്കു വിധേയനായതിനെ തുടര്‍ന്ന് നാവും താടിയെല്ലും കഴുത്തിലെ എല്ലും നീക്കം ചെയ്യേണ്ടി വന്നു. അതിനു ശേഷം 22 വര്‍ഷമായി ദ്രാവക രൂപത്തിലുള്ള ഭക്ഷണം മാത്രം കഴിച്ചാണ് ചന്ദ്രദത്ത് ജീവിച്ചത്. പ്രമേഹരോഗവും അദ്ദേഹത്തെ പിടികൂടിയിരുന്നു.

ഭാര്യ പത്മാവതി (തൃപ്രയാര്‍ ശ്രീരാമ പോളി ടെക്നിക്ക് റിട്ട.അധ്യാപിക). ഹിരൺ ദത്ത്, നിരൺ ദത്ത് എന്നിവരാണു മക്കൾ. ഇരുവരും വിദേശത്താണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ