വരാപ്പുഴ: വരാപ്പുഴ പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദ്ദനത്തിൽ മാരകമായി പരിക്കേറ്റ് കൊല്ലപ്പെട്ട ശ്രീജിത്തിനെ മർദ്ദിച്ചത് വരാപ്പുഴ എസ് ഐ ദീപക് കുടുങ്ങിയേക്കും. ശ്രീജിത്തിനൊപ്പം വാസുദേവന്റെ വീടാക്രമണ കേസിൽ പിടിയിലായ കൂട്ടുപ്രതികളാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
ഇന്ന് വൈകിട്ട് കോടതിയിൽ ഹാജരാക്കിയ പ്രതികൾ മാധ്യമപ്രവർത്തകരോടാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ശ്രീജിത്തിനെയും തങ്ങളെയും മർദ്ദിച്ചത് വരാപ്പുഴ എസ് ഐ ദീപകാണെന്നും ശ്രീജിത്തിന്റെ അടിവയറ്റിൽ ശ്രീജിത്ത് ചവിട്ടിയെന്നും ഇവർ പറഞ്ഞു. ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്ന കേസിൽ വാസുദേവന്റെ വീടാക്രമണ കേസിൽ പിടിയിലായവരെയെല്ലാം കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
സംഭവത്തിൽ ആദ്യം വരാപ്പുഴ പൊലീസായിരുന്നു പ്രതിസ്ഥാനത്തെങ്കിലും പിന്നീടിത് പൊലീസ് സൂപ്രണ്ടിന്റെ സ്പെഷൽ റൂറൽ ടാസ്‌ക് ഫോഴ്‌സിന്റെ നേരെയായിരുന്നു. ഇവർ ശ്രീജിത്തിനെ വീട്ടിൽ നിന്നും കസ്റ്റഡിയിലെടുത്തപ്പോൾ മർദ്ദിച്ചെന്നായിരുന്നു ആരോപണം.
എന്നാൽ കേസിൽ വരാപ്പുഴ പൊലീസിനെതിരെ ആർടിഎഫ് രംഗത്ത് വന്നു. തങ്ങൾ ശ്രീജിത്തിനെ മർദ്ദിച്ചില്ലെന്ന് വ്യക്തമാക്കിയ ആർടിഎഫ് ഉദ്യോഗസ്ഥർ മർദ്ദനമേറ്റത് വരാപ്പുഴ പൊലീസിന്റെ കസ്റ്റഡിയിൽ വച്ചായിരിക്കാമെന്ന് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ശ്രീജിത്തിന്റെ അമ്മയുടെയും ശ്രീജിത്തിനൊപ്പം പിടിയിലായവരുടെയും മൊഴികൾ വരാപ്പുഴ പൊലീസിനെ തന്നെ പ്രതിസ്ഥാനത്താക്കി.