കൊച്ചി: മോട്ടോർ വാഹന ഗതാഗത രംഗത്ത് വൻ കുതിപ്പ് ലക്ഷ്യമിടുന്ന സിഎൻജി പദ്ധതിക്ക് കൊച്ചിയിൽ നാളെ തുടക്കമാകും. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ നാല് പമ്പുകളിലെ സിഎൻജി സേവനത്തിന്റെ ഉദ്ഘാടനമാണ് നാളെ നടക്കുന്നത്.

നാളെ വൈകിട്ട് നാല് മണിക്കാണ് കളമശേരിയിലെ മുട്ടത്തുളള ഐഒസിയുടെ പമ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. പ്രകൃതി വാതകം ലഭ്യമാകുന്ന പമ്പുകളാണ് ഇവ. ഐഒസിയുടെ ആലുവ പുളിഞ്ചോടുളള പമ്പ്, മുട്ടത്തുളള പമ്പ്, കണ്ടെയ്‌നർ റോഡിലുളള പമ്പ്, കുണ്ടന്നൂരിലുളള ഐഒസി പമ്പ്.

നിലവിൽ നാല് പമ്പുകളിലേ ഇതുളളൂവെങ്കിലും അഞ്ച് വർഷത്തിനുളളിൽ 50 പമ്പുകൾ എറണാകുളത്ത് മാത്രം സിഎൻജി വിതരണത്തിന് സാധ്യമാകുന്ന വിധം സജ്ജീകരിക്കാനാണ് ഐഒസിയുടെ ശ്രമം.

നിലവിൽ ഓട്ടോറിക്ഷ, കാർ, ബസ് എന്നിവയ്ക്കാണ് സിഎൻജി ഉപയോഗിക്കാനാവുന്നത്. 70 രൂപ പെട്രോളിന് മുടക്കുന്ന അതേസമയത്ത് സിഎൻജി ഗ്യാസ് കിലോയ്ക്ക് 46.50 പൈസയ്ക്ക് ലഭിക്കും. പെട്രോളിൽ ലിറ്ററിന് 10 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന കാറുകൾ സിഎൻജിയിൽ 18 കിലോമീറ്റർ വരെ സഞ്ചരിക്കുമെന്നാണ് കണക്ക്.

“ഞങ്ങളെ സംബന്ധിച്ച് ഇതൊരു തുടക്കമാണ്. ഇനി കൊച്ചിയിൽ ഭാവിയിൽ കൂടുതൽ സിഎൻജി വാഹനങ്ങൾ ഇറക്കും. നിലവിൽ കാർ-ഓട്ടോറിക്ഷ എന്നിവയ്ക്കായി രണ്ടും ബസുകൾക്ക് രണ്ട് സിഎൻജി പമ്പുകളുമാണ് തുറന്നിരിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ വലിയ വിപണനം സാധ്യമായില്ലെങ്കിലും ഇനി സിഎൻജി വാഹനങ്ങൾ വ്യാപകമാകും തോറും ഇത് വളരെയേറെ ഗുണം ചെയ്യും,” ഐഒസി അദാനി ഗ്യാസിന്റെ അസറ്റ് ഹെഡ് അജയ് പിളള ഐഇ മലയാളത്തോട് പ്രതികരിച്ചു.

കേരളത്തിലെ ആദ്യ സിഎൻജി ബസ് നാളെ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങും. ആലുവയിൽ നിന്നാരംഭിക്കുന്ന ബസ് ഇടപ്പള്ളിയിൽ നിന്ന് നഗരം ചുറ്റി വൈറ്റിലയിലേക്കും ഇവിടെ നിന്ന് ഇടപ്പള്ളിയിലേക്കും എന്ന നിലയിൽ സർക്കുലറായി സർവ്വീസ് നടത്താനാണ് ഉദ്ദേശിച്ചിരിക്കുന്നത്. രാവിലെ എട്ടിന് ആലുവയിൽ നിന്നാരംഭിക്കുന്ന സർവ്വീസ് വൈകിട്ട് 4.10 ന് വൈറ്റിലയിൽ നിന്നുളള അവസാന സർവ്വീസോടെ അവസാനിക്കും. റൂട്ടുകൾ സംബന്ധിച്ച അന്തിമ ധാരണ ഇനിയും ആയിട്ടില്ല. ബസ് കഴിഞ്ഞ രണ്ട് ദിവസമായി പരീക്ഷണ ഓട്ടം നടത്തുന്നുണ്ടായിരുന്നു.

ഐഒസിയുടെ പമ്പുകളിൽ പ്രകൃതിവാതകം എത്തിക്കുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഐഒസി അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ്. രാജ്യാന്തര വില നിലവാരമനുസരിച്ച് പ്രകൃതിവാതകത്തിന്റെ വിതരണവും വില നിശ്ചയിക്കുന്നതും ഇവരാണ്.

“കൂടുതൽ ഐഒസി പമ്പുകളിൽ പ്രകൃതി വാതകം എത്തിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഇപ്പോഴത്തെ സാഹചര്യത്തിൽ ബജാജ്, മാരുതി, ഹ്യുണ്ടായ് എന്നീ വാഹന നിർമ്മാതാക്കൾ സിഎൻജി വാഹനങ്ങൾ കൊച്ചിയിൽ വിൽപ്പനയ്ക്ക് എത്തിക്കുമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം. അങ്ങിനെയാണെങ്കിൽ അധികം വൈകാതെ കൂടുതൽ സിഎൻജി വാഹനങ്ങൾ നിരത്തിലിറങ്ങുകയും അതോടെ പമ്പുകളുടെ എണ്ണം വർദ്ധിപ്പിക്കാനും സാധിക്കും,” സിഎൻജി പ്രൊജക്ടിന്റെ ചുമതല വഹിക്കുന്ന ഐഒസിയുടെ ഉദ്യോഗസ്ഥൻ എൽദോ ബേബി പറഞ്ഞു.

പെട്രോൾ കാറുകളും ഓട്ടോറിക്ഷകളും എളുപ്പത്തിൽ സിഎൻജിയിലേക്ക് മാറ്റാനാവും. 20000 മുതൽ 80000 വരെയാണ് ഇതിന് ചിലവ് വരിക. ഇപ്പോഴത്തെ അവസ്ഥയിൽ സിഎൻജി കിറ്റുകൾ വരും ദിവസങ്ങളിൽ കൊച്ചിയിൽ വലിയ മാറ്റത്തിന് വഴിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

“യൂബറിന് ഇത്തരമൊരു പദ്ധതിയുണ്ട്. സിഎൻജി കാറുകൾ അവർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മാരുതിയുടെയും ഹ്യുണ്ടായിയുടെയും സാങ്കേതിക വിദഗ്‌ധർക്ക് അവരുടെ ആവശ്യപ്രകാരം പ്രത്യേക ശിൽപ്പശാല നടത്തി സിഎൻജി കിറ്റുകൾ ഘടിപ്പിക്കുന്നതിൽ സാങ്കേതിക പരിജ്ഞാനം നൽകിയിട്ടുണ്ട്,” അജയ് പിളള പറഞ്ഞു.

സിഎൻജി വായുമലിനീകരണം വളരെയധികം കുറയ്ക്കുമെന്നാണ് പൊതുവേ കരുതപ്പെടുന്നത്. താപനില അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ അന്തരീക്ഷ മലിനീകരണത്തെ തടഞ്ഞുനിർത്തുന്നതിൽ പരിസ്ഥിതി സൗഹൃദ ഇന്ധനത്തിന്റെ പങ്ക് വലുതാണ്. ഗെയിൽ വാതക പൈപ്പ‌്‌ലൈൻ യാഥാർത്ഥ്യമായാൽ പിന്നെ സിഎൻജിയുടെ വിപണന-വിതരണ ശൃംഖല കൂടുതൽ ശക്തമാകുമെന്ന് എൽദോ ബേബിയും പ്രതികരിച്ചു.

അതേസമയം, തന്നെ ഇവയ്ക്ക് കയറ്റം വലിക്കാനുളള ശേഷി വളരെ കുറവാണെന്നതിനാൽ സിഎൻജി കേരളത്തിന്റെ ഭൂപ്രകൃതിക്ക് യോജിച്ചതല്ലെന്നുളള വാദവും സജീവമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.