/indian-express-malayalam/media/media_files/uploads/2023/08/mathew-kuzhalnadan-CN-MOHANAN.jpg)
സി.എന്‍. മോഹനനെതിരെ അപകീര്‍ത്തിക്കേസുമായി മാത്യു കുഴല്‍നാടന്‍ പങ്കാളിയായ നിയമ സ്ഥാപനം
കൊച്ചി: മാത്യു കുഴല്‍നാടന്റെ സ്വത്തിനെ കുറിച്ചും വരുമാനത്തെ സംബന്ധിച്ചും ഉന്നയിച്ച ആരോപണം കടുപ്പിച്ച് സിപിഎം. കുഴല്‍നാടന് ചിന്നക്കനാലിലുള്ളത് റിസോര്‍ട്ടല്ല ഗസ്റ്റ് ഹൗസാണെന്ന് സിപിഎം എറണാകുളം ജില്ലാസെക്രട്ടറി സി.എന്‍. മോഹനന്‍ ആവര്‍ത്തിച്ചു. ചിന്നക്കനാല്‍ പഞ്ചായത്തിനകത്ത് സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് വെച്ച് താമസിക്കാന്‍ വേണ്ടി മാത്രമാണ് ഭൂമി അനുവദിക്കുന്നത്. മാത്യു ചിന്നക്കനാല്‍ വില്ലേജ് ഓഫീസര്‍ക്ക് നല്‍കിയ കത്തില്‍ സ്ഥിരതാമസക്കാരന്‍ അല്ലെന്നാണ് പറയുന്നത്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്നും സിഎന്‍ മോഹനന്‍ ആരോപിച്ചു.
ഇന്നലെ വസ്തുതാപരമായി മറുപടി നല്‍കാന്‍ കുഴല്‍നാടന് കഴിഞ്ഞില്ല. ഏഴ് കോടി രൂപ വിലയുള്ള സ്വത്ത് മൂന്ന് കോടി രൂപയ്ക്ക് കിട്ടാന്‍ കാരണം തന്റെ വൈറ്റ് മണി കാരണമാണെന്നാണ് അദ്ദേഹം പറഞ്ഞത്. അത്രയ്ക്ക് പ്രയാസമുണ്ടോ വൈറ്റ് മണിക്ക്. അങ്ങിനെയെങ്കില്‍ ഈ വൈറ്റ് മണിയുടെ ഉറവിടം വ്യക്തമാക്കാന്‍ കുഴല്‍നാടന്‍ തയ്യാറാകണം. വിഷയം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാത്യുവിന്റെ വസ്തുവിനും റിസോര്‍ട്ടിനും കൂടി ഏഴ് കോടി രൂപ വില വരുമെന്ന് അദ്ദേഹം ആരോപിച്ചു. ഈ തുകയ്ക്ക് സ്റ്റാമ്പ് ഡ്യൂട്ടി അടച്ചിട്ടില്ല. രജിസ്ട്രേഷന്‍ ഫീസില്‍ തട്ടിപ്പ് കാണിച്ചു. കുഴല്‍നാടനൊപ്പം റിസോര്‍ട്ട് വാങ്ങിയത് ബെനാമികളാണ്. ആധാരത്തില്‍ പേരുള്ള മറ്റുരണ്ടുപേരും പണം മുടക്കിയിട്ടില്ല. വസ്തു പേരിലാകുന്നതിനു മുന്‍പ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.
നാമനിര്‍ദേശപത്രികയില്‍ കുടുംബ വരുമാനമായി 96 ലക്ഷം രൂപയാണ് കാണിച്ചിരിക്കുന്നത്. ഇതിന്റെ 29 ഇരട്ടി തുക ഉപയോഗിച്ചാണ് സ്വത്തുക്കള്‍ വാങ്ങി കൂട്ടിയിരിക്കുന്നത്. ഏകദേശം 30 കോടിയില്‍പ്പരം രൂപയുടെ സ്വത്ത് മാത്യു കുഴല്‍നാടന് ഉണ്ടെന്നും സി എന്‍ മോഹനന്‍ ആരോപിച്ചു. മാത്യു കുഴല്‍നാടന്‍ വെളിപ്പെടുത്തിയ വരുമാനത്തിന്റെ 30 മടങ്ങ് സമ്പാദിച്ചെന്നും സി.എന്‍. മോഹനന്‍ പറഞ്ഞു.
ഇല്ലാത്ത വരുമാന പ്രകാരം സ്വത്തുക്കള്‍ വാങ്ങാനുള്ള പണം എവിടെ നിന്ന് കിട്ടിയെന്നും സി എന്‍ മോഹനന്‍ ചോദിച്ചു. ഇതുസംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും സി എന്‍ മോഹനന്‍ പറഞ്ഞു.
അതേസമയം മാത്യു കുഴല്‍നാടന്റെ മൂവാറ്റുപുഴ കടവൂരിലെ വീടിരിക്കുന്ന ഭൂമി റവന്യൂ വകുപ്പ് വെള്ളിയാഴ്ച അളക്കും. വിജിലന്‍സ് നിര്‍ദേശപ്രകാരമാണ് നടപടി. താലൂക്ക് സര്‍വേയര്‍ ഭൂമി അളക്കാനുള്ള നോട്ടിസ് എംഎല്‍എയ്ക്ക് നല്‍കി. കുഴല്‍നാടന്‍ നികുതി വെട്ടിപ്പ് നടത്തിയെന്നും കള്ളപ്പണം വെളിപ്പിച്ചെന്നും ആരോപിച്ച് സിപിഎം രംഗത്തെത്തിയതിന് പിന്നാലെയാണ് ഭൂമി അളക്കാനുള്ള നടപടി. അനധികൃമായി ഭൂമി നികത്തിയാണ് ഇവിടെ കെട്ടിടങ്ങള്‍ നിര്‍മിച്ചതെന്ന് കാണിച്ച് നേരത്ത ഡി.വൈ.എഫ്.ഐ നേതാവ് പരാതി നല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.