കൊ​ച്ചി: സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ.മോഹനനെ തിരഞ്ഞെടുത്തു. നിലവിൽ ഗ്രേറ്റർ കൊച്ചി ഡെവലപ്മെന്റ് അതോറിറ്റി ചെയർമാനാണ് ഇദ്ദേഹം. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവുമാണ്. ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

പി.രാജീവ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ഒഴിവിലേക്കാണ് സി.എൻ.മോഹനൻ ജില്ലാ സെക്രട്ടറിയായത്. സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.രാജീവിനെ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായും നിയമിച്ചിരുന്നു.

ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാൻ ചെങ്ങന്നൂർ എംഎൽഎയായി വിജയിച്ച പശ്ചാത്തലത്തിൽ ഇവിടെയും ജില്ലാ സെക്രട്ടറി പദത്തിൽ മാറ്റമുണ്ട്. ആലപ്പുഴയിലെ പുതിയ ജില്ലാ സെക്രട്ടറിയായി ആർ.നാസറിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ഈ തീരുമാനം.

കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്ന കെ.എൻ.ബാലഗോപാൽ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഇവിടെയും മാറ്റമുണ്ടായിട്ടുണ്ട്. എസ്.സുദേവനാണ് ഇവിടുത്തെ പുതിയ ജില്ലാ സെക്രട്ടറി. ഒരാഴ്‌ച മുൻപാണ് ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.രാജീവും കെ.എൻ.ബാലഗോപാലും മുൻ രാജ്യസഭ എംപിമാരാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ