കൊച്ചി : സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ.മോഹനനെ തിരഞ്ഞെടുത്തു. കളമശ്ശേരിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിലാണ് ജില്ലാ സെക്രട്ടറിയായി മോഹനനെ വീണ്ടും തിരഞ്ഞെടുത്തത്. 46 അംഗ ജില്ലാ കമ്മിറ്റിയേയും 12 പേർ അടങ്ങുന്ന ജില്ലാ സെക്രട്ടറിയേറ്റിനെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു. ജില്ലാ കമ്മിറ്റി അംഗങ്ങളിൽ 13 പേർ പുതുമുഖങ്ങളാണ്. ആറ് സ്ത്രീകളുമുണ്ട്.
സി.എന്‍.മോഹനന്‍, എം.പി.പത്രോസ്, പി.ആര്‍ മുരളീധരന്‍, എം.സി.സുരേന്ദ്രന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, കെ.എന്‍.ഉണ്ണികൃഷ്ണന്‍, സി.കെ.പരീത്, എം.അനില്‍കുമാര്‍, സി.ബി.ദേവദര്‍ശനന്‍, ആര്‍.അനില്‍കുമാര്‍, ടി.സി.ഷിബു, പുഷ്പദാസ് എന്നിവരെയാണ് ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരഞ്ഞെടുത്തത്.
അതേസമയം, മൂന്ന് മുതിർന്ന നേതാക്കളെ ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. കെ.എം.സുധാകരൻ, ഗോപി കോട്ടമുറിക്കൽ, പി.എൻ.ബാലകൃഷ്ണൻ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വേദിയിൽ ഇരിക്കെയാണ് ജില്ലയിലെ മുതിർന്ന നേതാവ് കൂടിയായ പി.എൻ.ബാലകൃഷ്ണന്റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള ഇറങ്ങിപ്പോക്ക്.
സമ്മേളനവേദിയിൽ പുതിയ അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചതിന് പിന്നാലെയായിരുന്നു പി.എൻ.ബാലകൃഷ്ണൻ ഇറങ്ങിപ്പോയത്. യാതൊരു കാരണവും പറയാതെയാണ് ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതെന്നും ഇതിൽ പ്രതിഷേധിച്ചാണ് താൻ ഇറങ്ങിപ്പോയതെന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവയ്ക്കുന്നതായും ബാലകൃഷ്ണൻ പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗമായതിനാലാണ് ഗോപി കോട്ടമുറിക്കലിനെ ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയത്. പ്രായാധിക്യം കൊണ്ടാണ് കെ.എം.സുധാകരനെ ഒഴിവാക്കിയത്. ചിലർ ഒഴിവായാൽ മാത്രമേ പുതുമുഖങ്ങൾക്ക് നേതൃത്വത്തിലേക്ക് വരാനാവൂ എന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സി.എൻ.മോഹനന്റെ പ്രതികരണം.
Also Read: ദ്രോഹമനഃസ്ഥിതിയുള്ളവർ വ്യവസായ സംരംഭങ്ങൾക്ക് തടസം സൃഷ്ടിക്കുന്നു: മുഖ്യമന്ത്രി