തിരുവനന്തപുരം: സംസ്ഥാനത്ത് ടിപിആർ ഉയർച്ചാനിരക്കിൽ കഴിഞ്ഞ ആഴ്ചയിൽ നിന്നും 15 ശതമാനം കുറവ് രേഖപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ശരാശരി ടിപിആർ നിരക്ക് 11.5 ശതമാനമാണ്. എറ്റവും ഉയർന്ന നിരക്കുള്ള മലപ്പുറത്ത്13.8 ശതമാനമാണ് ടിപിആർ. 8.8 ശതമാനമുള്ള കോട്ടയത്താണ് ഏറ്റവും കുറഞ്ഞ ടിപിആർ. കോട്ടയത്തിന് പുറമേ ആലപ്പുഴ, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ടിപിആർ 10 ന് താഴെയാണ്. ബാക്കിയുള്ള 10 ജില്ലകളിലും 10 മുതൽ 13.8 ശതമാനം വരെയാണ് നിരക്ക് കാണിക്കുന്നത്.
കഴിഞ്ഞ ആഴ്ചകളുമായി താരതമ്യം ചെയ്യുമ്പോൾ ടിപിആർ ഉയർച്ചാനിരക്കിൽ കഴിഞ്ഞ ആഴ്ചയിൽ നിന്നും 15 ശതമാനം കുറവ് വന്നിട്ടുണ്ട്. കേസുകളുടെ വളർച്ചാനിരക്കിൽ 42 ശതമാനവും കുറവ് വന്നു. ജൂണ്‍ 11, 12, 13 ദിവസങ്ങളിലെ പുതിയ കേസുകളുടെ ശരാശരി എണ്ണത്തേക്കാള്‍ 4.2 ശതമാനം കുറവ് കഴിഞ്ഞ മൂന്നു ദിവസങ്ങളില്‍ ഉണ്ടായിട്ടുണ്ട്. ആക്റ്റീവ് കേസുകളുടെ എണ്ണത്തില്‍ 14.43 ശതമാനം കുറവാണുണ്ടായത്. 10.04 ശതമാനം കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലുമുണ്ടായി.
40 ദിവസത്തോളം നീണ്ട ലോക്ക്ഡൗണിനെ തുടർന്ന് രോഗവ്യാപനത്തിലെ കുറവ് കണക്കിലെടുത്ത് ഇളവുകൾ വരുത്തി നമ്മുടെ സംസ്ഥാനം മുന്നോട്ട് പോവുകയാണ്. ടിപിആറിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് അതിന് അനുസരിച്ചുള്ള നിയന്ത്രണങ്ങളാണ് നടപ്പിലാക്കുന്നത്. ലോക്ക്ഡൗൺ ഘട്ടത്തിൽ പുലർത്തിയ ജാഗ്രത തുടരണം. തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. കർശനമായ മുൻകരുതൽ വേണം. ഇരട്ട മാസ്കുകൾ ധരിക്കാനും, ചെറിയ കൂടിച്ചേരലുകൾ ഒഴിവാക്കാനും പൊതുസ്ഥലത്തെ പോലെ വീടുകൾക്ക് അകത്തും കരുതലുകൾ സ്വീകരിക്കാൻ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ വാക്സിനുമായി ബന്ധപ്പെട്ടുള്ള പരീക്ഷണങ്ങള്‍ വിജയകരമായി മുന്നോട്ടു പോകുന്നു എന്ന വാര്‍ത്തകള്‍ പ്രത്യാശ നല്‍കുന്നു. 12 മുതല്‍ 18 വയസ്സു വരെയുള്ളവര്‍ക്ക് വേണ്ട വാക്സിനേഷന്‍ അധികം വൈകാതെ ലഭ്യമായേക്കാം. അമേരിക്കയില്‍ ആ പ്രായപരിധിയില്‍ പെട്ട കുട്ടികള്‍ക്ക് വാക്സിനേഷന്‍ നല്‍കിത്തുടങ്ങി എന്നാണ് അറിയാന്‍ സാധിക്കുന്നത്.
Read Also: 11,361 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 90 മരണം
കേരളത്തിൽ ഏകദേശം 40 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സീന് നൽകാൻ സാധിച്ചു. വാക്സിനേഷൻ കൂടുതൽ വേഗത്തിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. വാക്സീൻ ലഭിക്കുന്നില്ലെന്ന ഭീതിയോടെ ആരും കഴിയേണ്ടതില്ല. വാക്സീൻ ലഭ്യമാകുന്നതിന് അനുസരിച്ച് വിതരണം ചെയ്യും. എല്ലാവർക്കും വാക്സീൻ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.