scorecardresearch

കേരളം എന്നു കേൾക്കുമ്പോൾ വി.മുരളീധരന് എന്തിനാണിത്ര കലി? ആഞ്ഞടിച്ച് ദേശാഭിമാനി

വിദ്വേഷ രാഷ്ട്രീയത്തിന്‌റെ കൊടി ഉയര്‍ത്തിപ്പിടിക്കുന്നതിനാലാകാം മന്ത്രിയ്ക്ക് ഈ മൂത്ത കേരളവിരോധം എന്ന് കരുതി സമാധാനിക്കാമെന്നും ദേശാഭിമാനി ആഞ്ഞടിക്കുന്നു

V Muraleedharn, വി മുരളീധരൻ, cpm, സിപിഎം, kerala, കേരളം, deshabhimani, ദേശാഭിമാനി, Covid, കോവിഡ്, Kerala Evacuation, പ്രവാസികളുടെ വരവ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം മുഖപത്രം ദേശാഭിമാനി. കേരളമെന്നു കേൾക്കുമ്പോൾ മുരളീധരന് എന്തിനാണിത്ര കലിയിളകുന്നതെന്നും കേന്ദ്രമന്ത്രി പ്രബുദ്ധ കേരളത്തിന്  ബാധ്യതയാകുകയാണോയെന്നും ദേശാഭിമാനി മുഖപ്രസംഗത്തിൽ ചോദിക്കുന്നു.

വിദേശകാര്യമന്ത്രാലയത്തിലെ സെക്രട്ടറിയുടെ കത്ത് കോവിഡ് പ്രതിരോധത്തിൽ കേരളത്തിനുള്ള അഭിനന്ദനമല്ലെന്നും മണ്ടത്തരം പറ്റിയത് തിരുത്തിയതില്‍ സന്തോഷമെന്നാണ് കത്തിൽ പറയുന്നതെന്നും മുരളീധരൻ പരിഹസിച്ചിരുന്നു. കോംപ്ലിമെന്റും കൺഗ്രാജുലേഷനും തമ്മിലുള്ള വ്യത്യാസം പിആറുകാർക്ക് അറിയില്ലെന്നും മുരളീധരൻ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ വിമർശനം.

Read More: അത് അഭിനന്ദനമല്ല, മണ്ടത്തരം തിരുത്തിയതിൽ സന്തോഷമെന്നാണ് പറഞ്ഞിരിക്കുന്നത്; സർക്കാരിനെതിരെ വീണ്ടും മുരളീധരൻ

കോവിഡ് പ്രതിരോധത്തില്‍ കേരളം സ്വീകരിച്ച നടപടികള്‍ മാതൃകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറയുകയുണ്ടായി. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസംഘടനയും ആഗോളമാധ്യമങ്ങളും കേരളത്തെ പ്രശംസിച്ചു. അപ്പോഴും മലയാളിയായി കേന്ദ്രമന്ത്രി അതിന് തയാറായില്ലെന്നും അദ്ദേഹം കേരളത്തെ ഇകഴ്ത്താനാണ് ശ്രമിച്ചതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട് പാര്‍ലമെന്‌റില്‍ എത്തിയതല്ലെങ്കിലും തലശേരിയില്‍ ജനിച്ച് കേരള ബിജെപിയുടെ സംസ്ഥാന അധ്യക്ഷപദവി വരെ ഉയര്‍ന്ന ഈ മന്ത്രിയ്ക്ക് കേരളമെന്ന് കേള്‍ക്കുമ്പോള്‍ എന്തിനാണ് ഇത്ര കലിവരുന്നതെന്നും മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. ഒരു നല്ലവാക്കുപോലും അദ്ദേഹം ഇതുവരെ കേരളത്തിലെ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും വിദ്വേഷ രാഷ്ട്രീയത്തിന്‌റെ കൊടി ഉയര്‍ത്തിപ്പിടിക്കുന്നതിനാലാകാം മന്ത്രിയ്ക്ക് ഈ മൂത്ത കേരളവിരോധമെന്ന് കരുതി സമാധാനിക്കാമെന്നും ദേശാഭിമാനി ആഞ്ഞടിക്കുന്നു.

“കോവിഡ് യുദ്ധത്തിനിടയില്‍ അല്‍പ്പത്തരം കാണിക്കുന്നത് മലയാളികളെ ആകെ അപഹാസ്യരാക്കും. കോവിഡ് പ്രതിരോധത്തില്‍ കേരളം ഏറെ പിന്നിലാണ്. കോവിഡ് പരിശോധനയെയും പിപിഇ കിറ്റിനെയും കുറിച്ചുള്ള ഒരു പരാമർശവും കേന്ദ്രം അയച്ച കത്തിൽ ഇല്ല. നേരത്തെ സ്വീകരിച്ച അപ്രായോഗിക സമീപനം തിരുത്തിയതിനാണ് കേന്ദ്രം അഭിനന്ദിച്ചത്. പ്രായോഗിക സമീപനം സ്വീകരിക്കുന്നത് നല്ലതാണ്. നേരത്തെ വച്ച നിബന്ധനകളില്‍നിന്ന് കേരളം പിന്മാറിയെന്ന കാര്യം ഗള്‍ഫിലെ അംബാസിഡര്‍മാരെ അറിയിക്കാമെന്നു പറയുന്നത് അഭിനന്ദനമാണെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കരുത്,” എന്നായിരുന്നു ഡൽഹിയിലെ മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ മുരളീധരൻ പറഞ്ഞത്.

“തെലങ്കാനയെയും ഒഡിഷയെയും ഹരിയാനയെയും അഭിനന്ദിച്ച് കേന്ദ്രം കത്ത് നല്‍കിയിരുന്നു. അവരാരും ഇങ്ങനെ പിആര്‍ വര്‍ക്കിന് ഉപയോഗിച്ചില്ല. ചിലരെപ്പോലെ എല്ലാം അറിയാമെന്ന് പറയുന്നില്ല, കുറച്ചൊക്കെ അറിയാം. പരിശോധനയില്‍ കേരളം നില്‍ക്കുന്നത് ഏറെ പിന്നിലാണ്. ഇരുപത്തെട്ടാം സ്ഥാനത്താണ് കേരളമിപ്പോൾ,” എന്നും മന്ത്രി പറഞ്ഞിരുന്നു.

പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട് കേരള സർക്കാർ മുന്നോട്ടുവച്ച മുൻകരുതൽ നടപടികളെ അഭിനന്ദിച്ച് വിദേശകാര്യമന്ത്രാലയം കത്തയച്ചിരുന്നു. വൈറസ് വ്യാപനം തടയാൻ ശ്രമിക്കുന്നതിനായി സ്വീകരിക്കുന്ന പ്രായോഗിക സമീപനത്തിന്റെ അടിസ്ഥാനതത്തിൽ കേരള സർക്കാരിനെ അഭിനന്ദിക്കുന്നതായി വിദേശകാര്യ മന്ത്രാലയത്തിലെ പ്രവാസികളുടെ ചുമതലയുളള സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ വ്യക്തമാക്കിയിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cmp news daily deshabhimani slams minister v muraleedharan