കൊച്ചി: നഗരത്തിലെ മത്സ്യപ്രേമികൾക്ക് ശുദ്ധമായ മീൻ കഴിക്കാൻ അവസരമൊരുക്കി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കൂടുകൃഷിയിൽ വിളവെടുത്ത ജീവനുള്ള കാളാഞ്ചി, കരിമീൻ, ചെമ്പല്ലി, തിലാപ്പിയ എന്നീ മത്സ്യങ്ങൾ ഇനി മുതൽ എല്ലാ പ്രവൃത്തി ദിനങ്ങളിലും സിഎംഎഫ്ആർഐയിൽ നിന്ന് നേരിട്ടു വാങ്ങാം.

സിഎംഎഫ്ആർഐയിലെ കാർഷിക സാങ്കേതികവിദ്യാ വിവര കേന്ദ്രം (അറ്റിക്), എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുടെ സാങ്കേതിക സഹായത്തോടെ കൂടുമത്സ്യ കൃഷി നടത്തുന്ന കർഷകരാണ് സിഎംഎഫ്ആർഐയിൽ സ്ഥിരമായി ഒരുക്കിയ ‘ലൈവ് ഫിഷ് കൗണ്ടർ’ സംവിധാനത്തിലൂടെ വിൽപന നടത്തുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ മത്സ്യവിപണനത്തിൽ കർഷകർ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഇടനിലക്കാരുടെ സഹായമില്ലാതെ തന്നെ ആവശ്യക്കാരിലേക്ക് മത്സ്യമെത്തിക്കാൻ ഇത് മത്സ്യ കർഷകരെ സഹായിക്കും. കൃഷിയുടെ ഉൽപദാനചിലവിന്റെ 30 ശതമാനം വരെ ഇടനിലക്കാർമുഖേന കർഷകർക്ക് നഷ്ടപ്പെടുന്നുണ്ട്. മാത്രമല്ല, കലർപ്പില്ലാത്ത ശുദ്ധമായ മത്സ്യം ജീവനോടെ തന്നെ സ്വന്തമാക്കാൻ മത്സ്യപ്രേമികൾക്കും അവസരം ലഭിക്കുന്നു.

മീനുകൾ ജീവനോടെ വിൽപന നടത്താനുള്ള സാധ്യത കൂടിയാണ് പുതിയ സംവിധാനത്തിലൂടെ സിഎംഎഫ്ആർഐ പ്രചരിപ്പിക്കുന്നത്. കൃഷിയിടങ്ങളിൽ നിന്ന് വിളവെടുക്കുന്ന മത്സ്യങ്ങൾ ഉടനെ തന്നെ വിറ്റഴിക്കുന്നതാണ് നിലവിലെ രീതി. എന്നാൽ, മതിയായ സജ്ജീകരണങ്ങളോടെ കൃഷിചെയ്ത മത്സ്യം ജീവനോടെ ലഭ്യമാക്കുന്നത് വിപണനരീതിയെ വൈവിധ്യമാക്കും. അറ്റിക്, കെവികെ എന്നിവയുടെ മേൽനോട്ടത്തിലാണ് ലൈവ് ഫിഷ് കൗണ്ടർ പ്രവർത്തിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 7 വരെയാണ് സമയം.

കർഷകർക്കാവശ്യമുള്ള ഉൽപന്നങ്ങൾ വിൽക്കുന്ന ഫാം സ്റ്റോർ, കർഷകരുടെ മാത്രം ഉൽപന്നങ്ങൾ വിൽക്കുന്ന ഫാം ഷോപ്പി എന്നിവയും ഇതോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. കർഷകരിൽ നിന്നും ശേഖരിച്ച് ശീതീകരിച്ച ചക്കപ്പഴം, പച്ചച്ചക്ക, ചക്കക്കുരു എന്നിവ വർഷം മുഴുവൻ ലഭ്യമാണ്. അരിഞ്ഞു പാക്കറ്റിലാക്കിയ പച്ചക്കറികൾ, പഴങ്ങൾ, വീട്ടുവളപ്പുകളിൽ ഉൽപാദിപ്പിക്കുന്ന കോഴി-കാട -താറാവ് മുട്ടകൾ, പാൽ, നെയ്യ്, കർഷകർ നേരിട്ടെത്തിക്കുന്ന മറയൂർ ശർക്കര, വെളിച്ചെണ്ണ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയെല്ലാം ഫാം ഷോപ്പിയിൽ ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.