കൊച്ചി: കടലിനടിയിലെ വിലപിടിപ്പുള്ള മുത്തുകൾ, ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, നീലതിമിംഗലങ്ങളുടെയും പെൻഗ്വിന്റെയും ഇഷ്ടഭക്ഷണമായ അന്റാർട്ടിക്കൻ ക്രിൽ, തുടങ്ങി വിസ്മയമുണർത്തുന്ന ആഴക്കടലിന്റെ അറിയാകാഴ്ചകൾ കാണാൻ സുവർണാവസരം. 72-മത് സ്ഥാപക ദിനത്തോടനുബന്ധിച്ച് കൗതുകമുണർത്തുന്ന കടലറിവുകൾ അറിയാൻ ഫെബ്രുവരി 5 ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം പൊതുജനങ്ങൾക്കായി  തുറന്നിടും.

സമുദ്രജൈവവൈവിധ്യങ്ങളുടെ അപൂർവ ശേഖരങ്ങളുള്ള മ്യൂസിയം, കടലിലെ വർണമത്സ്യങ്ങളുടെ കാഴ്ചകൾ സമ്മാനിക്കുന്ന മറൈൻ അക്വേറിയം എന്നിവയ്ക്ക് പുറമെ, ഈ മേഖലയിൽ വർഷങ്ങളായുള്ള ഗവേഷണ പ്രവർത്തനങ്ങൾ നടക്കുന്ന വിവിധ പരീക്ഷണശാലകളും പൊതുജനങ്ങൾക്കായി തുറന്നിടും. പ്രവേശനം സൗജന്യമാണ്. 

മുത്തുകൾക്കൊപ്പം, കൃഷി ചെയ്ത മുത്തുചിപ്പിയിൽ നിന്ന് മുത്തുകൾ വേർതിരിക്കുന്ന വിധവും പ്രദർശിപ്പിക്കും. അത്യാധുനിക രീതിയിൽ രൂപകൽപന ചെയ്ത മറൈൻ അക്വേറിയത്തിൽ സിംഹ മത്സ്യം, വവ്വാൽ മത്സ്യം, മാലാഖ മത്സ്യം തുടങ്ങി വൈവിധ്യമായ സമുദ്രവർണ മത്സ്യങ്ങളുടെ ശേഖരം കാണാം. ആനത്തിരണ്ടി, ഗിത്താർ മത്സ്യം, ഭീമൻ മത്സ്യമായ വാൾമീൻ, വിവിധയിനം സ്രാവുകൾ, ചെമ്മീൻ, ഞെണ്ടുകൾ, കണവ-കക്കവർഗയിനങ്ങൾ, അപൂർവയിനം മറ്റ് കടൽമത്സ്യങ്ങൾ തുടങ്ങിയവ നേരിട്ട് കാണാനും അവയെ കുറിച്ച് ചോദിച്ചറിയാനും അവസരമുണ്ടാകും.  

ആയിരത്തോളം മത്സ്യയിനങ്ങളും സമുദ്ര ജൈവവൈവിധ്യങ്ങളും അടങ്ങുന്നതാണ് നാഷണൽ മറൈൻ ബയോഡൈവേഴ്സിറ്റി മ്യൂസിയം. ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, ഡോൾഫിൻ, കടൽ പശു, സൺ ഫിഷ്, വിഷമത്സ്യങ്ങൾ, പെൻഗ്വിൻ, കടൽ പാമ്പുകൾ, നക്ഷത്ര മത്സ്യങ്ങൾ, കടൽകുതിര, നീലതിമിംഗലങ്ങളുടെയും പെൻഗ്വിന്റെയും ഇഷ്ടഭക്ഷണമായ അന്റാർട്ടിക്കൻ ക്രിൽ, വിവിധയിനം ശംഖുകൾ തുടങ്ങി കടലിലെ വൈവിധ്യമായ സസ്യ-ജന്തുജാലങ്ങളുടെ ശേഖരം കാഴ്ചക്കാരിൽ കൗതുകമുണർത്തും. 

മീനുകളുടെ പ്രായം കണ്ടെത്തുന്നതിന്റെ പിന്നിലെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്ന പരീക്ഷണശാല, കടലിന് നിറം നൽകുന്ന സൂക്ഷ്മ ആൽഗകളുടെ ശേഖരം, വിവിധയിനം മത്സ്യപ്രജനന ഹാച്ചറികൾ, കടൽജീവികളിൽ നിന്നുള്ള ഔഷധ നിർമ്മാണ ലാബ്,  ഒരു വസ്തുവിന്റെ പത്തു ലക്ഷം മടങ്ങ് വരെ വലുതായി കാണിക്കുന്ന ഇലക്ട്രോൺ മൈക്രോസ്‌കോപ്പ് തുടങ്ങി അനേകം വിജ്ഞാനപ്രദമായ കാഴ്ചകളുടെ പ്രദർശനമാണ് സിഎംഎഫ്ആർഐ പൊതുജനങ്ങൾക്ക് വേണ്ടി ഒരുക്കുന്നത്. 

കാലാവസ്ഥയും കടലും തമ്മിലുള്ള ബന്ധം, ചാകര പോലുള്ള സമുദ്രപ്രതിഭാസങ്ങൾ, മീനുകളുടെ സഞ്ചാരപാത തുടങ്ങി സമുദ്ര-മത്സ്യ മേഖലയുമായി ബന്ധപ്പെട്ട അറിവുകൾ നേടുന്നതിന് ശാസ്ത്രജ്ഞരുമായി സംവദിക്കാനും അവസരമുണ്ട്. രാവിലെ 10 മുതൽ 4 വരെയാണ് പ്രദർശന സമയം. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് പ്രദർശനം കൂടുതൽ പ്രയോജനകരമാകും. 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.