കൊച്ചി: സംസ്ഥാനത്തെ ആഭ്യന്തര മത്സ്യോൽപാദനം വർധിപ്പിക്കുന്നതിന് പദ്ധതിയുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). മത്സ്യകർഷകരുടെ പങ്കാളിത്തത്തിൽ സംസ്ഥാനത്ത് 500 കൂടുമത്സ്യ കൃഷി യൂണിറ്റുകൾ തുടങ്ങുന്നതിനുള്ള അവസരം ഒരുക്കുകയാണ് സിഎംഎഫ്ആർഐ. കൃഷി ആരംഭിക്കുന്നതിന് സാങ്കേതിക സഹായവും സബ്‌സിഡിയും നൽകും. കേന്ദ്ര കാർഷിക മന്ത്രാലയ ഏജൻസിയായ നാഷണൽ ഫിഷറീസ് ഡെവലപ്‌മെന്റ് ബോർഡിന്റെ (എൻഎഫ്ഡിബി) സാമ്പത്തിക സഹായത്തോടെയാണ് 15 കോടി രൂപയുടെ പദ്ധതി.

ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്ന മത്സ്യങ്ങളുടെ ഗുണനിലവാരം ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിലാണ് കേരളത്തിലെ ആഭ്യന്തര മത്സ്യോൽപാദനം കൂടുകൃഷിയിലൂടെ വർധിപ്പിക്കാൻ സിഎംഎഫ്ആർഐ ലക്ഷ്യമിടുന്നത്. ഒറ്റയ്‌ക്കും സംഘമായുമുള്ള കൂടുകൃഷിയുടെ മുതൽമുടക്കിന്റെ 40 ശതമാനമാണ് സബ്‌സിഡി നൽകുക. സ്ത്രീകൾക്കും എസ്എസി-എസ്ടി വിഭാഗക്കാർക്കും 60 ശതമാനം സബ്‌സിഡി നൽകും.

സംസ്ഥാനത്തെ തീരദേശ ജില്ലകളിലാണ് കൂടുമത്സ്യ കൃഷി നടപ്പിലാക്കുന്നത്. നാല് മീറ്റർ വീതിയും നീളവും മൂന്ന് മീറ്റർ ആഴവുമുള്ള കൂടുകളിലാണ് കൃഷി. കാളാഞ്ചി, കരിമീൻ, മോത, വറ്റ, ചെമ്പല്ലി തുടങ്ങിയ മത്സ്യങ്ങളാണ് കൃഷി ചെയ്യുക.

ഇപ്പോൾ അപേക്ഷിക്കാം

സിഎംഎഫ്ആർഐയുടെ പദ്ധതിയിൽ കൂടുമത്സ്യ കൃഷി തുടങ്ങുന്നതിന് ഇപ്പോൾ അപേക്ഷ നൽകാം. വേലിയിറക്ക സമയത്ത് മൂന്ന് മീറ്ററെങ്കിലും താഴ്‌ചയുള്ള ജലാശയങ്ങളിൽ കൃഷിയിറക്കാൻ സാധിക്കുന്നവരാണ് അപേക്ഷ നൽകേണ്ടത്. സിഎംഎഫ്ആർഐയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള കൃഷി രീതിയാണ് അവലംബിക്കേണ്ടത്. കൃഷി ചെയ്യാൻ പോകുന്ന ജലാശയവും പരിസരവും സിഎംഎഫ്ആർഐയിലെ വിദഗ്ധർ പരിശോധിച്ച് അനുയോജ്യമാണെന്ന് ബോധ്യപ്പെട്ടാൽ മാത്രമാണ് അപേക്ഷകൾ പരിഗണിക്കുക. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കൂടി വിലയിരുത്തിയാണ് യൂണിറ്റുകൾ അനുവദിക്കുന്നത്. സിഎംഎഫ്ആർഐയിലെ മാരികൾച്ചർ വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്.

കൂടുമത്സ്യ കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാനത്ത് മൂന്നിടങ്ങളിൽ അക്വാവൺ ലാബുകളും തുടങ്ങും. ജലഗുണനിലവാര പരിശോധന, രോഗനിർണയം തുടങ്ങിയ സേവനങ്ങളാണ് അക്വാവൺ ലാബിൽ നിന്ന് കർഷകർക്ക് ലഭിക്കുക. ലാബുകൾ തുടങ്ങുന്നതിന് യോഗ്യരായവർക്ക് മുതൽ മുടക്കിന്റെ 50 ശതമാനം പദ്ധതിയിൽ നിന്ന് സബ്‌സിഡിയായി ലഭിക്കും. ലാബ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ സിഎംഎഫ്ആർഐ വെബ്‌സൈറ്റിൽ ലഭ്യമാണ്. (cmfri.org.in).

കൂടാതെ, ഒരു ചെറുകിട മത്സ്യത്തീറ്റ ഉൽപാദന കേന്ദ്രം സ്ഥാപിക്കാനും പദ്ധതിയുണ്ട്. കേന്ദ്രം സ്ഥാപിക്കാൻ താൽപര്യമുള്ളവർക്ക് അമ്പത് ശതമാനം സബ്‌സിഡി നൽകും.

തീരദേശ മേഖലകളിലുള്ളവരുടെ ജീവിത നിലവാരം ഉയർത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്ത് ശുദ്ധമായ മത്സ്യത്തിന്റെ ലഭ്യത ഉറപ്പുവരുത്താനും ഇതുവഴി സാധിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സിഎംഎഫ്ആർഐ പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്ക് സിഎംഎഫ്ആർഐ മാരികൾച്ചർ വിഭാഗവുമായി ബന്ധപ്പെടുക. ഫോൺ 0484- 2394867.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.