തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടുള്ള ആക്ഷേപങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസ നിധി സുതാര്യവും കൃത്യവുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ അടക്കം കണക്ക് ബോധിപ്പിക്കേണ്ടതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്നും അതിൽ സുതാര്യത കുറവില്ലെന്നും മറ്റ് പ്രചരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ ദുരിതാശ്വാസത്തിന് ലഭിക്കുന്ന തുക അതിന് മാത്രമാണ് ഉപയോഗിക്കുക. അത് മറ്റ് കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കില്ല. ബജറ്റിൽ നിന്ന് എല്ലാ വർഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു നിശ്ചിത തുക മാറ്റിവയ്ക്കുന്നുണ്ട്. ആ തുക ഉപയോഗിച്ചാണ് മറ്റ് ചെലവുകൾ നടത്തുന്നത്. അത് സർക്കാർ സർക്കാരിന്റെ ബോധ്യത്തിനനുസരിച്ച് അർഹതപ്പെട്ടവർക്ക് നൽകുകയാണ് ചെയ്യുക. അതും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പണവും തമ്മിൽ കൂട്ടിക്കുഴയ്ക്കേണ്ട ആവശ്യമില്ല. രണ്ടും വ്യത്യസ്ത വിഷയങ്ങളാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read Also: ‘എനിക്ക് ഹിന്ദി അറിയില്ലെന്ന് ഇംഗ്ലീഷിലാണ് പറഞ്ഞത്’; മുരളീധരനെ തള്ളി പിണറായി

ബജറ്റിൽ നിന്ന് നീക്കിവയ്ക്കുന്ന തുക സർക്കാർ യുക്തിക്ക് അനുസരിച്ച് ചെലവഴിക്കുകയാണ് ചെയ്യുക. മുൻ സർക്കാരുകളും അത് തന്നെയാണ് ചെയ്യുന്നത്. പ്രളയ ദുരിതാശ്വാസത്തിനായി കിട്ടിയ തുകയിൽ നിന്ന് മറ്റ് ആവശ്യങ്ങൾക്കായി തുക ചെലവഴിക്കുന്നില്ലെന്നും പിണറായി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് വന്ന തുക ഫിക്സ്ഡ് ഡെപ്പോസിറ്റ് ചെയ്തു എന്ന് പറഞ്ഞുള്ള വിമർശനങ്ങളും കേൾക്കുന്നുണ്ട്. അത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നവർ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എങ്ങനെയാണ് എന്ന കാര്യം അന്വേഷിച്ചാൽ മതിയെന്നും പിണറായി വ്യക്തമാക്കി.

കഴിഞ്ഞ വർഷത്തെ ദുരിതാശ്വാസ തുക മുഴുവൻ ചെലവഴിച്ചില്ല എന്ന തരത്തിലും ചിലർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ഒറ്റയടിക്ക് എല്ലാ പണവും ചെലവഴിക്കുകയല്ല വേണ്ടത്. വീട് നിർമിക്കാൻ ഒറ്റയടിക്ക് പണം അനുവദിക്കാൻ സാധിക്കില്ല. ഘട്ടം ഘട്ടമായാണ് വീട് നിർമാണത്തിന് പണം നൽകുക. അതിനാലാണ് കഴിഞ്ഞ വർഷത്തെ തുക ഇപ്പോഴും ബാക്കിയായിരിക്കുന്നതെന്നും ഘട്ടം ഘട്ടമായി അതും അർഹതപ്പെട്ടവർക്ക് നൽകുമെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വലിയ രീതിയിൽ സഹായം പ്രവഹിക്കുന്നുണ്ട്. ഇന്ന് മാത്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 89 ലക്ഷം രൂപയാണ്. ഉച്ച കഴിഞ്ഞ് മൂന്ന് വരെയുള്ള കണക്കനുസരിച്ചാണ് ഇത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.