തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ടുള്ള കുപ്രചരണങ്ങള്‍ക്ക് തിരിച്ചടി. ഇന്ന് മാത്രം ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് ഒരു കോടിയിലേറെ രൂപ. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് വരെ ലഭിച്ച കണക്കനുസരിച്ച് 1.27 കോടി രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് എത്തിയിട്ടുള്ളത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിദേശത്തു നിന്നും ദുരിതാശ്വാസ നിധിയിലേക്ക് പണം എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുത് എന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വരുന്ന പണം ദുരിതാശ്വാസത്തിനല്ലാതെ മറ്റ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനാവില്ല എന്ന് ധനമന്ത്രി തോമസ് ഐസക്ക് വിശദീകരിച്ചിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു ഘടകങ്ങള്‍ ഉണ്ട്. ഒന്നു ബജറ്റില്‍ നിന്നു സര്‍ക്കാര്‍ നല്‍കുന്ന തുക, രണ്ടു ജനങ്ങള്‍ നല്‍കുന്ന സംഭാവനകള്‍. ജനങ്ങള്‍ നല്കിയ അഭൂതപൂര്‍വ്വമായ സംഭാവനയാണ് കഴിഞ്ഞ പ്രളയാനുഭവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകതകളില്‍ ഒന്ന്. 4106 കോടി രൂപയാണ് (20/07/2019 വരെ ) പ്രളയ ദുരിതാശ്വാസത്തിലേക്ക് അവര്‍ സംഭാവനയായി നല്കിയതെന്ന് കുപ്രചരണങ്ങൾക്ക് മറുപടിയായി തോമസ് ഐസക് പറഞ്ഞു.

Read Also: തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പ്രളയ ദുരിതാശ്വാസത്തിന് വേണ്ടി ലഭിച്ച തുക സാധാരണഗതിയിലുള്ള സര്‍ക്കാരിന്റെ വേയ്സ് ആന്ഡ് മീന്‍സിന്നുപോലും താല്‍ക്കാലികമായി ഉപയോഗപ്പെടുത്തരുത് എന്ന ശാഠ്യം ഉള്ളത് കൊണ്ട് കേരള സര്‍ക്കാര്‍ ഒരു പ്രത്യേക തീരുമാനം എടുക്കുകയുണ്ടായി. ആ തീരുമാനപ്രകാരം ഈ തുക തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളുടെ അക്കൌണ്ടില്‍ നിക്ഷേപിച്ചിരിക്കുകയാണെന്നും തോമസ് ഐസക്ക് പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.