തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ ഫേക്ക് ഐഡി രൂപീകരിച്ച് പണം തട്ടാന്‍ ശ്രമം നടക്കുന്നതായി ആരോപണം. സമൂഹ മാധ്യമങ്ങളിലടക്കം ഇക്കാര്യം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ യഥാര്‍ഥ യുപിഐ ഐഡിയില്‍ നിന്ന് ഒരേയൊരു അക്ഷരം മാറ്റിയാണ് മറ്റൊരു ഐഡി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത് ഫേക്ക് ഐഡിയാണ്. മറ്റൊകു അക്കൗണ്ടിലേക്കാണ് പണം പോകുന്നതെന്ന് ആരോപണമുണ്ട്.

Keralacmdrf@sbi എന്നതാണ് യഥാര്‍ഥ ഐഡി. അതിനു പകരം Kerelacmdrf@sbi എന്ന യുപിഐ ഐഡി പ്രചരിക്കുന്നതായാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. കേരള എന്ന വാക്കില്‍ ഒരു ഇംഗ്ലീഷ് അക്ഷരം മാത്രം മാറ്റിയാണ് ഫേക്ക് യുപിഐ ഐഡി പ്രചരിക്കുന്നത്. അതിനാല്‍, ദുരിതാശ്വാസ നിധിയിലേക്ക് പണം നിക്ഷേപിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഒരു അക്ഷരത്തില്‍ വ്യത്യാസം വരുത്തിയാണ് വലിയ തട്ടിപ്പിന് അരങ്ങൊരുക്കിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Read Also: കുപ്രചരണങ്ങള്‍ ഏറ്റില്ല; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് മാത്രം ലഭിച്ചത് 1.27 കോടി

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്ല രീതിയില്‍ സഹായങ്ങള്‍ എത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കൂ എന്ന തരത്തില്‍ സിനിമാ താരങ്ങള്‍ അടക്കം പ്രചാരണം നടത്തിയിരുന്നു. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുത് എന്ന തരത്തില്‍ നേരത്തെ ഏറെ പ്രചാരണം നടന്നിരുന്നു. എന്നാല്‍, കുപ്രചരണങ്ങള്‍ക്കെല്ലാം തിരിച്ചടി നല്‍കുന്ന വിധമാണ് ഇപ്പോള്‍ ദുരിതാശ്വാസ നിധിയിലേക്ക് സഹായം എത്തുന്നത്. വിദേശത്ത് നിന്ന് അടക്കം ദുരിതാശ്വാസ നിധിയിലേക്ക് സഹായം എത്തുന്നുണ്ട്.

ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങളിലൂടെ ദുരിതാശ്വാസ നിധിയിലേക്ക് ചൊവ്വാഴ്ച വൈകിട്ട് 8 വരെ മാത്രം എത്തിയത് 1.61 കോടി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 18 മുതല്‍ ഇലക്ട്രോണിക് പെയ്മെന്റ് സംവിധാനങ്ങളിലൂടെ നിധിയിലേക്ക് എത്തിയത് 205.51 കോടി. ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ ആകെ ലഭിച്ചത് 4359.68 കോടി രൂപയാണ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.