കല്‍പ്പറ്റ: യുഡിഎഫ് സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഫ് ഭരണകാലത്ത് വീടുകളില്‍ ടിവി ഓണ്‍ ചെയ്യാറില്ലെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.

യുഡിഎഫ് ഭരിക്കുമ്പോള്‍ ടിവി ഓണ്‍ ചെയ്യാന്‍ പോലും വീട്ടിലുള്ളവര്‍ക്ക് പേടിയാണ്. കാരണം അതില്‍ നിന്ന് വരിക മഹാവൃത്തികേടും ജീര്‍ണതയുമാണ്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും കേള്‍ക്കാനും കാണാനും കഴിയുന്ന കാര്യങ്ങളല്ലായിരുന്നു ടിവിയില്‍ വന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ അങ്ങനെയല്ല. അത് രാഷ്ട്രീയ സംസ്‌കാരത്തിന്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി കല്‍പ്പറ്റയില്‍ പറഞ്ഞു.

Read More: ‘സ്വാതന്ത്ര സമരത്തില്‍ പങ്കെടുത്താലെ ചരിത്രം മനസ്സിലാകു’; അമിത് ഷായ്ക്ക് എതിരെ മുഖ്യമന്ത്രി

ഭരണനടപടികളിലും ഇടത് പക്ഷത്തിന്റെ രാഷ്ട്രീയ സംസ്‌കാരം കാണാന്‍ സാധിക്കും. പലതും നടക്കില്ല എന്നായിരുന്നു ഇവിടെ ജനങ്ങള്‍ കരുതിയിരുന്നത്. നിരാശയായിരുന്നു ജനങ്ങള്‍ക്ക്. അവര്‍ ശാപ വാക്കുകള്‍ പറഞ്ഞിരുന്നു. ഇവിടെ ഒന്നും നടക്കില്ല എന്നാണ് ജനങ്ങള്‍ വിചാരിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറി. നിരാശ മാറി പ്രത്യാശയായി ജനങ്ങള്‍ക്ക്. ഹൈവേയും ജലപാതയുമെല്ലാം അതിന് ഉദാഹരണങ്ങളാണെന്നും കല്‍പ്പറ്റയിലെ പ്രസംഗത്തില്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയ്ക്ക് മറുപടിയായി കല്‍പ്പറ്റയില്‍ എല്‍ഡിഎഫ് റോഡ് ഷോ സംഘടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് റോഡ് ഷോ ഫ്‌ളാഗ് ഓഫ് ചെയ്യുക. നാല് മന്ത്രിമാരും റാലിയില്‍ പങ്കെടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.