തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തു. രവീന്ദ്രന് ഒരാഴ്ചത്തെ വിശ്രമം വേണമെന്ന് മെഡിക്കൽ ബോർഡ് നിർദേശിച്ചു.
കഴിഞ്ഞദിവസം നടത്തിയ എംആര്‍ഐ സ്കാനിൽ കഴുത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. കടുത്ത തലവേദന, ന്യൂറോ പ്രശ്നങ്ങൾ,ശ്വാസംമുട്ട് തുടങ്ങിയ കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ചാണ് സി.എം.രവീന്ദ്രന് ചൊവ്വാഴ്ച മെഡിക്കല്‍ കോളജിലെത്തിയത്. ആശുപത്രിയിലായതിനാല്‍ കഴിഞ്ഞദിവസം ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സാധിക്കില്ലെന്നു രവീന്ദ്രന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു.
മൂന്നാം തവണയാണു ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രന് ഇഡി നോട്ടിസ് നൽകുന്നത്. നേരത്തെ കോവിഡ് ആയതിനാലും പിന്നീട് കോവിഡാനന്തര ചികിത്സയ്ക്കായും രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനാലാണ് ചോദ്യം ചെയ്യൽ നീണ്ടുപോയത്. ലെെഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്സ്മെന്റ് രവീന്ദ്രനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
Read Also: ‘പിണറായി സര്‍ക്കാരിനെ ഒടുക്കിയേ മതിയാകൂ’; കാലില്‍ തൂക്കി കടലിലെറിയണമെന്ന് സുരേഷ് ഗോപി
തനിക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രവീന്ദ്രൻ നേരത്തെ ഇഡിക്ക് കത്ത് നൽകിയിരുന്നു. തനിക്കിപ്പോൾ ചോദ്യം ചെയ്യലിനു ഹാജരാകാൻ സാധിക്കില്ലെന്നും ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ രണ്ട് ആഴ്ച സാവകാശം നൽകണമെന്നും രവീന്ദ്രൻ ഇഡിയോട് ആവശ്യപ്പെട്ടിരുന്നു.
അതേസമയം, സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് അട്ടക്കുളങ്ങര വനിത ജയിലില്‍ ഭീഷണിയുണ്ടായിട്ടില്ലെന്നും സ്വപ്നയുടെ സംസാരം പരസ്പര വിരുദ്ധമെന്നും ജയില്‍ വകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട്. ജയില്‍ അധികൃതരുടെ സാന്നിധ്യത്തിലല്ലാതെ സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ ഇഡി കോടതിയില്‍ അപേക്ഷ നല്കി.