കൊച്ചി: എൻഫോഴ്സ്മെന്റിന്റെ ചോദ്യം ചെയ്യൽ നോട്ടീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. താൻ പ്രതിയല്ലെന്നും ചോദ്യം ചെയ്യൽ നോട്ടിസിൽ കാരണമൊന്നും പറയുന്നില്ലെന്നും നോട്ടിസ് നിയമപരമല്ലെന്നും ചൂണ്ടിക്കാട്ടിയുള്ള ഹർജിയാണ് ജസ്റ്റിസ് വി.ജി.അരുൺ തള്ളിയത്.
നോട്ടിസ് അയക്കാൻ പാടില്ലെന്ന് പറയാൻ ഹർജിക്കാരന് അവകാശമില്ലെന്നും നിയമത്തിന്റെ കണ്ണിൽ നിന്ന് ഒളിച്ചോടാനാണ് ശ്രമമെന്നുമുള്ള എൻഫോഴ്‌സ്‌മെന്റ് വാദം കണക്കിലെടുത്താണ് ഹർജി തള്ളിയത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അന്വേഷണ ഏജൻസികളെ തടയാനുള്ള ശ്രമം എന്തൊ മറച്ചു വെയ്ക്കാനാണന്ന ധാരണ ഉണ്ടാക്കുമെന്നു കോടതി ഉത്തരവിൽ പറയുന്നു.
“നോട്ടീസയക്കലും ചോദ്യം ചെയ്യലും അന്വേഷണ ഏജൻസിയുടെ വിവേചനാധികാരമാണ്. കോടതി അന്വേഷണം നിരീക്ഷിക്കേണ്ടതില്ലെന്ന് സുപ്രീം കോടതിയുടെ തന്നെ ഉത്തരവുണ്ട്. അന്വേഷണ രീതിയും ചോദ്യം ചെയ്യലും സമയവും സ്ഥലവും ഒന്നും കോടതി നിരീക്ഷിക്കേണ്ടതില്ല. അന്വേഷണ ഏജൻസിക്ക് സാക്ഷിയുടെ സമയത്തിനായി കാത്തിരിക്കാനാവില്ല. നിർബന്ധിച്ച് തെളിവെടുക്കുന്ന ഹർജിക്കാരന്റെ ആശങ്കക്ക് അടിസ്ഥാനമില്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്നവരിൽ നിന്ന് സത്യസന്ധതയാണ് പ്രതീക്ഷിക്കുന്നത്,” കോടതി വ്യക്തമാക്കി. ഉയർന്ന പദവിയിൽ ഇരിക്കുന്നവർക്ക് കുടുതൽ ഉത്തരവാദിത്തമുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി.
കോവിഡ് രോഗം മാറിയിട്ടേയുള്ളൂവെന്നും തുടർച്ചയായി ചോദ്യം ചെയ്താൽ ആരോഗ്യത്തെ ബാധിക്കുമെന്നും കൂടുതൽ സമയം ചോദ്യം ചെയ്യാൻ അനുവദിക്കരുതെന്നുമുള്ള രവീന്ദ്രന്റെ വാദം കോടതി തള്ളി. ഹർജിക്കാരന്റേത് അനാവശ്യ ആശങ്ക മാത്രമാണെന്ന് കോടതി വാദത്തിനിടെ പരാമർശിച്ചിരുന്നു.
നേരത്തെ കോവിഡ് ആയതിനാലും പിന്നീട് കോവിഡാനന്തര ചികിത്സയ്‌ക്കായും രവീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതിനാലാണ് ചോദ്യം ചെയ്യൽ നീണ്ടുപോയത്.
അതേസമയം സി.എം.രവീന്ദ്രൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. കൊച്ചി ഓഫിസിലാണ് രവീന്ദ്രൻ ഹാജരായത്. ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നാലുതവണയാണ് ഇ.ഡി. രവീന്ദ്രന് നോട്ടീസ് നല്‍കിയത്.