ആലപ്പുഴ: ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പങ്കെടുത്ത കെയര്‍ ഹോം പദ്ധതിയുടെ ശിലാ സ്ഥാപന ചടങ്ങില്‍ ശരണം വിളിച്ച് പ്രതിഷേധം. ഉദ്ഘാടനം നിര്‍വഹിക്കാനായി മുഖ്യമന്ത്രി എഴുന്നേറ്റപ്പോള്‍ സദസ്സിന്റെ പിന്നില്‍ നിന്ന സ്ത്രീകളാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പ്രളയബാധിതര്‍ക്ക് സഹകരണ വകുപ്പ് വീട് നിർമ്മാണത്തിന് അഞ്ച് ലക്ഷം രൂപ നൽകുന്ന കെയര്‍ ഹോം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചപ്പോൾ ആണ് ശരണംവിളി പ്രതിഷേധമുണ്ടായത്. ഉദ്ഘാടന പ്രസം​ഗത്തിനായി മുഖ്യമന്ത്രി മൈക്കിന് അടുത്ത് എത്തിയതിന് തൊട്ടുപിന്നാലെ വേദിക്ക് തൊട്ടപ്പുറത്തുള്ള മൈതാനത്ത് നിന്നും ബിജെപി പ്രവർത്തകരായ ഒരു സംഘം ശരണംവിളി ആരംഭിച്ചു. ഉടന്‍ തന്നെ പൊലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുത്ത് നീക്കം ചെയ്തു. രാവിലെ മുതൽ കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വേദിയും സദസ്സും ഇതിനിടയിലാണ് സ്ത്രീകളെ മുൻനിർത്തിയുള്ള പ്രതിഷേധം. പ്രതിഷേധം സംഘടിപ്പിച്ച എട്ടു സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

തുടര്‍ന്ന് പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി താന്‍ ഇപ്പോള്‍ എന്നും ശരണംവിളി കേള്‍ക്കുന്നുണ്ടെന്ന് പറഞ്ഞ് പ്രതിഷേധത്തെ നിസ്സാരമാക്കി. ‘ഇതിപ്പോൾ സ്ഥിരം പരിപാടിയായി മാറിയിരിക്കുകയാണ്. എന്നും കേള്‍ക്കുന്നതല്ലെ. ഇതൊന്നും ഞാന്‍ വകവയ്ക്കുന്നില്ല. ശരണം വിളിക്കുന്നത് നല്ലതാണ്. ഇക്കാലത്ത് എല്ലാവരും ശരണം വിളിക്കുന്നതല്ലേ,’ എന്നും മുഖ്യമന്ത്രി പറഞ്ഞു. നവോത്ഥാന കാലത്തിന്‍റെ ഭാഗമായ നിരവധി സംഘടനാപ്രതിനിധികളെ ചേര്‍ത്ത് സര്‍ക്കാര്‍ ഒരു യോഗം വിളിച്ചിരുന്നുവെന്നും 190 പേരെ വിളിച്ചതില്‍ 170 പേരും പരിപാടിക്ക് എത്തിയെന്നും അവരില്‍ പലരും സ്വാമി ശരണം എന്ന് പറഞ്ഞു കൊണ്ടാണ് സംസാരം തുടങ്ങിയതെന്നും കൂട്ടിച്ചേര്‍ത്തു.

ചടങ്ങ് നടക്കുന്ന വേദിയില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെയും ബിജെപിയുടെ പ്രതിഷേധമുണ്ടായി. നേരത്തെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വഴിയില്‍ തടയുമെന്ന ബിജെപിയുടെ സമരാഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ