scorecardresearch

മീഡിയവണ്‍ വിലക്ക് അംഗീകരിക്കാനാവില്ല; ഷാരൂഖ്, ഹിജാബ് വിഷയങ്ങള്‍ വരാനിരിക്കുന്ന ആപത്തിന്റെ ദൃഷ്ടാന്തങ്ങള്‍: മുഖ്യമന്ത്രി

സംഘടിതമായ നീക്കമാണ് ഷാരൂഖിനെതിരെയുണ്ടായത്. മതനിരപേക്ഷതയുടെ വിളനിലമാകേണ്ട വിദ്യാലയങ്ങളില്‍ കുട്ടികളുടെ മനസില്‍ വര്‍ഗീയ വിഷം കയറ്റുന്നത് വലിയ ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു

സംഘടിതമായ നീക്കമാണ് ഷാരൂഖിനെതിരെയുണ്ടായത്. മതനിരപേക്ഷതയുടെ വിളനിലമാകേണ്ട വിദ്യാലയങ്ങളില്‍ കുട്ടികളുടെ മനസില്‍ വര്‍ഗീയ വിഷം കയറ്റുന്നത് വലിയ ആപത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
CM Pinarayi Vijayan, MediaOne ban, Sha Rukh Khan, Hijab ban

തിരുവനന്തപുരം: മീഡിയവണ്‍ ചാനലിന്റെ വിലക്ക് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിലക്കിന്റെ കാരണം എന്തെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''ഒരു മാധ്യമ സ്ഥാപനം അടച്ചുപൂട്ടുന്ന നില അംഗീകരിക്കാന്‍ കഴിയുന്നതല്ല. രാജ്യസുരക്ഷാ കാരണങ്ങളാലാണ് നേരത്തെ കൊടുത്ത സ്റ്റേ ഒഴിവാക്കിയതെന്നാണ് ഹൈക്കോടതി വെളിപ്പെടുത്തിയത്. എന്നാല്‍ രാജ്യസുരക്ഷയെ ബാധിക്കുന്ന എന്ത് കാര്യമാണ് ചാനല്‍ ചെയ്തതെന്ന് പറയുന്നുമില്ല. അത് രാജ്യസുരക്ഷാ കാരണങ്ങളാല്‍ പറയാന്‍ പറ്റില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ എടുത്തത്. അത് അങ്ങേയറ്റം ശരിയല്ലാത്ത നടപടിയാണ്. അങ്ങനെയെങ്കില്‍ ഇന്നയിന്ന കാരണങ്ങളാല്‍ അനുമതി നിഷേധിക്കുന്നുവെന്ന് വ്യക്തമാക്കണം. ഒരു മാധ്യമ സ്ഥാപനത്തിന് അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും സാഹചര്യവും വേണം,'' മുഖ്യമന്ത്രി പറഞ്ഞു.

Advertisment

ഗായിക ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തിനു സമീപം പ്രാര്‍ഥിച്ച ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരായ വിദ്വേഷ പ്രചാരണത്തെയും കര്‍ണാടകയിലെ സ്‌കൂളുകളിലെ ഹിജാബ് നിരോധനത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇത് നാം അതീവ ഗൗരവമായി കാണേണ്ട കാര്യമാണ്. വര്‍ഗീയത നമ്മുടെ രാജ്യത്ത് ഏതെല്ലാം തരത്തിലുള്ള ആപത്ത് സൃഷ്ടിക്കാന്‍ പോകുന്നതെന്നതിന്റെ ദൃഷ്ടാന്തമാണ് ഇരു നടപടികളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംഘടിതമായ നീക്കമാണ് ഷാരൂഖിനെതിരെയുണ്ടായത്. ഷാരൂഖ് ഖാന്‍ രഹസ്യമായല്ല ലതാ മങ്കേഷ്‌കറിന്റെ മൃതശരീരം കാണാന്‍ പോയത്, പരസ്യമായാണ്. അത് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. സ്വാഭാവികമായും വളരെ ആദരവോടെയാണ് അദ്ദേഹം നിലപാടുകളെടുത്തത്. പക്ഷേ അതിനെ പോലും എങ്ങനെ വര്‍ഗീയമായി ചിത്രീകരിക്കാമെന്നാണ് വര്‍ഗീയത പ്രചരിപ്പിക്കാനുള്ള മാനസികാവസ്ഥയുള്ളവര്‍ നോക്കുന്നത്. ഇതൊരു സംഘടിതമായ നീക്കത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി വലിയ ആപത്താണ് ഉയര്‍ത്തികൊണ്ടുവരാന്‍ നോക്കുന്നത്.

മതനിരപേക്ഷതയുടെ വിളനിലമാകേണ്ട വിദ്യാലയങ്ങളില്‍ കുട്ടികളുടെ മനസില്‍ വര്‍ഗീയ വിഷം കയറ്റുന്നത് വലിയ ആപത്താണ്. സാധാരണ, വിദ്യാര്‍ത്ഥികള്‍ക്കു വിദ്യാഭ്യാസ കാലം ഏതെങ്കിലും തരത്തിലുള്ള ഭിന്നതയുടേതായ കാലമല്ലല്ലോ. ഒരേ ക്ലാസ് മുറിയില്‍ എല്ലാ വിഭാഗക്കാരുമുണ്ടാകും. ഏറ്റവും വലിയ മതനിരപേക്ഷതയുടെ വിളനിലമായിട്ടല്ലേ നമ്മുടെ വിദ്യാലയങ്ങള്‍ മാറേണ്ടത്. അതിനയല്ലേ ഇപ്പോള്‍ അങ്ങേയറ്റത്തെ വര്‍ഗീയതയുടെ വിഷം ചീറ്റുന്ന മാനസികാവസ്ഥയുള്ള കുട്ടികളാക്കി മാറ്റാന്‍ ശ്രമം നടത്തുന്നത്. ചെറിയ കുട്ടികളുടെ മനസില്‍ വര്‍ഗീയ വിഷം കുത്തികേറ്റിയാല്‍ അതെത്ര വലിയ ആപത്തായിരിക്കും.

Advertisment

പക്ഷേ അത്തരം ആപത്തൊന്നും വര്‍ഗീയ ശക്തികള്‍ക്ക് പ്രശ്‌നമല്ല. അവര്‍ക്ക് അതാണ് വേണ്ടതെന്നും നമ്മള്‍ കാണണം. അതിലൂടെ എത്ര കണ്ട് ഭിന്നത സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് അവര്‍ നോക്കുന്നത്. ഇവിടെയാണ് മത നിരപേക്ഷ ശക്തികള്‍ ആകെ ജാഗ്രത പാലിക്കേണ്ടത്. ഈ വര്‍ഗീയ ശക്തികളോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലാത്ത സമീപനം സ്വീകരിക്കാന്‍ സാധിക്കണം. കൂടുതല്‍ ജാഗ്രതയോടെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ശ്രമം തുടരേണ്ടതുണ്ടെന്നാണ് ഇത്തരം സഭവങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read: ‘നിങ്ങള്‍ക്കു പൊള്ളലേല്‍ക്കുന്ന പല കാര്യങ്ങളുമുണ്ട്’; ശിവശങ്കറിനെ പിന്തുണച്ച് മുഖ്യമന്ത്രി

Muslim Pinarayi Vijayan Media Shah Rukh Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: