തിരുവനന്തപുരം: സ്വർണകടത്ത് കേസിലെ മുഖ്യ ആസൂത്രകയെന്ന് ആരോപിക്കപ്പെടുന്ന സ്വപ്ന സുരേഷിനൊപ്പമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ട്വിറ്ററിൽ പങ്കുവച്ച് ഗവർണർ മുഹമ്മദ് ആരിഫ് ഖാൻ. കേരള ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് രാജ്ഭവനിൽ നടന്ന ചടങ്ങെന്ന് പറഞ്ഞ്‌ പ്രത്യക്ഷപ്പെട്ടത്. എന്നാൽ 30 മിനിറ്റിനുള്ളിൽ ഫൊട്ടോ മാറിപോയെന്ന വിശദീകരണത്തോടെ രാജ്ഭവൻ ട്വീറ്റ് പിൻവലിക്കുകയും ചെയ്തു.

Read Also: സ്വപ്‌ന സുരേഷ് എവിടെ?

ജൂലൈ അഞ്ചിന് രാജ്ഭവനിൽ നടന്ന പരിപാടിയിൽ ഗവർണർ സംസാരിച്ചു എന്ന അടിക്കുറിപ്പോടെയെത്തിയ ഫൊട്ടോയാണ് പിൻവലിച്ചത്.

Also Read: ‘തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ്’; സ്വര്‍ണക്കടത്ത് കേസില്‍ പിണറായി

ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചറിൽ ഓപ്പറേഷൻസ് മാനേജറാണ് സ്വപ്‌ന. സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സ്വപ്‌നയെ ജോലിയിൽ നിന്ന് പുറത്താക്കി. ഇവർ മുൻപ് യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. ഒളിവിൽ കഴിയുന്ന സ്വപ്‌നയ്‌ക്കായി അന്വേഷണം തുടരുകയാണ്. അതേസമയം, 15 കോടിയുടെ സ്വർണ്ണക്കടത്തിൽ യുഎഇ കോൺസുലേറ്റ് മുൻ പിആർഒ സരിതിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Also Read: തിരുവനന്തപുരം സ്വർണ്ണക്കടത്ത്: മുഖ്യ ആസൂത്രക ഐടി വകുപ്പ് ഉദ്യോഗസ്ഥ, ജോലിയിൽ നിന്നു പിരിച്ചുവിട്ടു

സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. എന്നാൽ സ്വര്‍ണക്കടത്ത് പിടിച്ചയുടന്‍ കസ്റ്റംസിനെ തേടിയെത്തിയ ആദ്യ ഫോണ്‍ കോള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണെന്ന കെ സുരേന്ദ്രന്റെ ആരോപണം അസംബന്ധമാണെന്നു പിണറായി വിജയന്‍ പറഞ്ഞു. “എന്തെങ്കിലും ആരോപണമുണ്ടാകുമ്പോള്‍ മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും അതിന്റെ ഭാഗമാക്കാന്‍ കഴിയുമെന്നാണ് ചിലര്‍ കരുതുന്നത്. അതിന്റെ ഭാഗമായാണ് സുരേന്ദ്രന്റെ ആരോപണം. മറ്റ് ദുരാരോപണങ്ങള്‍ ഉന്നയിച്ച് തെറ്റ് ചെയ്യുന്നവര്‍ക്ക് പരിരക്ഷ നല്‍കുന്ന സമീപനം പാടില്ല,” മുഖ്യമന്ത്രി പറഞ്ഞു.

Also Read: ട്രിപ്പിൾ ലോക്ക്ഡൗണ്‍ ജനങ്ങൾക്ക് അസൗകര്യമുണ്ടാക്കി: രമേശ് ചെന്നിത്തല

”ഒരു കേസിലേയും തെറ്റുകാരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫിസ്. ഇക്കാര്യം നാലു വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ട് ജനങ്ങള്‍ക്കു ബോധ്യമായിട്ടുണ്ട്. അതിനെ കളങ്കപ്പെടുത്താന്‍ കെ. സുരേന്ദ്രന്റെ നാവിനു കഴിയില്ല,”മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ഐടി വകുപ്പിലെ നിയമനം താനറിഞ്ഞുകൊണ്ടല്ല. കൂടുതല്‍ അറിയില്ല. ഇക്കാര്യത്തില്‍ എന്താണ് നടന്നതെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.