തിരുവനന്തപുരം: എണ്‍പത്തിനാലാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ സ്വന്തം എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ നേര്‍ന്നു. ഏറ്റവും പ്രതിഭാധനനായ എഴുത്തുകാരനും ചലച്ചിത്രകാരനുമായ എം.ടി. മലയാളിയുടെ മനസ്സിലെ പ്രകാശഗോപുരമായി നിലകൊള്ളുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തലമുറകളുടെ സ്നേഹവാത്സല്യങ്ങളും ആദരവും ഒരേ അളവില്‍ ലഭിച്ച അതുല്യ പ്രതിഭയാണ് അദ്ദേഹമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

“കണ്ണാന്തളിയുടെയും നിളയിലെ കുഞ്ഞോളങ്ങളുടെയും ലോകത്തുനിന്ന് ആരംഭിച്ച അദ്ദേഹത്തിന്‍റെ സാഹിത്യസപര്യ കാലാതിവര്‍ത്തിയായ നിരവധി കൃതികള്‍ മലയാളിക്ക് സമ്മാനിച്ചു. ഒരു ജനതയുടെ ഭാവുകത്വത്തെ സര്‍ഗാത്മകമായി മാറ്റിമറിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ജ്ഞാനപീഠവും പത്മഭൂഷനും അടക്കമുള്ള ബഹുമതികള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. സംസ്ഥാന-ദേശീയ പുരസ്കാരങ്ങള്‍ സിനിമാരംഗത്തെ സംഭാവനകള്‍ക്കായി ലഭിച്ചു.

“മതനിരപേക്ഷതയടക്കമുള്ള സാമൂഹിക മൂല്യങ്ങളില്‍ ഉറച്ചുനിന്ന എം.ടി. എല്ലാ പ്രതിലോമചിന്തകള്‍ക്കും അതീതനായി മഹാതേജസ്സായി പരിലസിക്കുന്നതായി. അദ്ദേഹത്തിന്‍റെ സാഹിത്യപ്രഭാവലയം ഇനിയുമേറെക്കാലം മലയാളിക്ക് ലഭ്യമാകട്ടെ എന്ന് ആശംസിക്കുന്നതായും പിണറായി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ