/indian-express-malayalam/media/media_files/uploads/2017/02/sitaram-yechurisitaram-yechury-759.jpg)
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളിൽ തെറ്റുപറ്റിയെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഖേദപ്രകടനത്തിൽ വിശദീകരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കടകംപള്ളി എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്ന് പരിശോധിക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.
സുപ്രീംകോടതി വിശാല ബെഞ്ചിന്‍റെ പരിഗണനയിലിരിക്കുന്ന വിഷയമാണ് ശബരിമല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ ചർച്ച വേണ്ട. കടകംപള്ളിയുടെ ഖേദപ്രകടനത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടുമെന്നും സിതാറാം യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു. സംസ്ഥാന കമ്മറ്റിയും ഇക്കാര്യത്തിൽ വിശദീകരണം തേടുമെന്ന് യെച്ചൂരി പറഞ്ഞു.
"സത്യവാങ്ങ് മൂലം തിരുത്തുമോയെന്നതിന് പ്രസക്തിയില്ല. കഴിഞ്ഞത് കഴിഞ്ഞു. ഇനി അന്തിമ വിധിക്ക് കാത്തിരിക്കണം. വിധിക്ക് ശേഷം വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്," സിതാറാം യെച്ചൂരി പറഞ്ഞു.
Read More: ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം തുടങ്ങിയത് ബിജെപി അല്ല: സുരേഷ് ഗോപി
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പിലാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സീതാറാം യെച്ചൂരി നേരത്തേയും പറഞ്ഞിരുന്നു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചത് സുപ്രീം കോടതിയാണ്. കോടതി വിധി നടപ്പിലാക്കാൻ സർക്കാരിനു ബാധ്യതയുണ്ട്. കേരളത്തിൽ അതാണ് നടന്നത്. കോടതി വിധി നടപ്പിലാക്കിയില്ലെങ്കിൽ അത് കോടതിയലക്ഷ്യമാകുമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടിയിരുന്നു.
തിരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിൽ അങ്ങോളമിങ്ങോളം, പ്രത്യേകിച്ച് കഴക്കൂട്ടത്ത് ശബരിമല വലിയ ചർച്ചാ വിഷയമായിരിക്കുകയാണ്. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്റെ എതിർ സ്ഥാനാർഥികളായ ശോഭ സുരന്ദ്രനും എസ്.എസ് ലാലും ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിയിട്ടുണ്ട്.
തൃശൂരിലെ ബിജെപി സ്ഥാനാഥി സുരേഷ് ഗോപിയും ശബരിമല വൈകാരിക വിഷയമാണെന്ന് പ്രതികരിച്ചു. ഈ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം തുടങ്ങിയത് ബിജെപി അല്ലെന്നും ശബരിമലയുമായി ബന്ധപ്പെട്ട വിഷയം മറ്റുള്ളവരാണ് ഉയർത്തിയതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ഈ വിഷയം മാത്രം തങ്ങളോട് ചോദിക്കണമെന്ന നിലയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ തുടങ്ങിവച്ച വിദ്യ ആണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
“ഇയാൾക്ക് ഇത് മാത്രമേ പറയാനുള്ളോ എന്ന് പറയരുത്. അത് ശക്തമാണ്. അത് വൈകാരിക വിഷയമാണ്. ഇത് സർക്കാരിൻ്റെ ഒരു അജണ്ടയാണ്. ഞങ്ങളെക്കൊണ്ട് മറ്റ് വിഷയങ്ങളൊന്നും സംസാരിപ്പിക്കരുത്, ശബരിമലയേ സംസാരിപ്പിക്കാവൂ എന്ന് പറഞ്ഞിട്ട് ദേവസ്വം മന്ത്രി തുടങ്ങിവച്ച വിദ്യ ആണിത്. ബിജെപിയല്ല ശബരിമല എടുത്തുകാട്ടുന്നത്. നിങ്ങൾക്ക് തെറ്റി. സുരേന്ദ്രൻ സാറല്ലേ തുടങ്ങിവച്ചത്? മുൻപ് ശബരിമലയെപ്പറ്റി മിണ്ടരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞിരുന്നു. ഇപ്പോൾ എന്താണ് പറയാത്തത്?,” സുരേഷ് ഗോപി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.