തൊടുപുഴ: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗം അഭിമന്യുവിന്റെ കുടുംബത്തിന് സിപിഎം നിർമ്മിച്ച വീട് ഇന്ന് കൈമാറും. മുഖ്യമന്ത്രി പിണറായി വിജയനാണ് വീടിന്റെ താക്കോൽ കൈമാറുന്നത്. മാതാപിതാക്കളുടെ സംരക്ഷണത്തിനായി സമാഹരിച്ച കുടുംബസഹായ നിധിയും മുഖ്യമന്ത്രി നല്‍കും.

വട്ടവട കൊട്ടക്കമ്പൂരിൽ ഇപ്പോൾ അഭിമന്യുവിന്റെ കുടുംബം താമസിക്കുന്ന സ്ഥലത്ത് നിന്നും 500 മീറ്ററോളം അകലെയാണ് പുതിയ വീട്.  പത്തര സെന്‍റ് ഭൂമിയിൽ 1,256 ചതുരശ്രയടി വിസ്തീർണത്തിൽ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിർമിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിന്റെ കല്ലിടീൽ കര്‍മ്മം നിര്‍വഹിച്ചത്.  വീടിനും സ്ഥലത്തിനുമായി സിപിഎം 40 ലക്ഷം രൂപയാണ് ചെലവിട്ടത്.

വട്ടവടയെന്ന അതിര്‍ത്തി ഗ്രാമത്തി ഒറ്റമുറി മാത്രമുളള വീട്ടില്‍ നിന്നായിരുന്നു അഭിമന്യു മഹാരാജാസില്‍ എത്തിയത്. അഭിമന്യുവും അച്ഛനും അമ്മയും മുത്തശ്ശിയും ചേട്ടന്‍ പരിജിത്തും ചേച്ചി കൗസല്യയും അടക്കം ആറുപേര്‍ ആ ഒറ്റമുറി വീട്ടില്‍ ഉണ്ടായിരുന്നു.

എസ്എഫ്‌ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗമായിരുന്ന അഭിമന്യു 2018 ജൂലൈ രണ്ടിന് എറണാകുളം മഹാരാജാസ് കോളേജിലാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. അഭിമന്യുവിന്റെ കുടുംബത്തിന്റെ സംരക്ഷണം സിപിഎം ഏറ്റെടുക്കുമെന്ന് അന്നുതന്നെ പ്രഖ്യാപിച്ചിരുന്നു. മന്ത്രി എം.എം.മണി, സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍, ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രന്‍ എന്നിവരെ കൂടാതെ എസ്എഫ്ഐ നേതാക്കളും മറ്റ് ജനപ്രതിനിധികളും വീടിന്റെ താക്കോൽദാന ചടങ്ങിൽ പങ്കെടുക്കും.

വട്ടവട പഞ്ചായത്ത് ഓഫീസിന് മുകളിൽ സജ്ജീകരിച്ച അഭിമന്യു സ്മാരക വായനശാലയും ഇന്ന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിന്റെ ഉദ്ഘാടനം നിർവ്വഹിക്കുക. നാട്ടിൽ വായനശാല വേണമെന്നത് അഭിമന്യുവിന്റെ ആഗ്രഹമായിരുന്നു.  ലൈബ്രറിയിലേക്ക് കേരളത്തിലങ്ങോളമിങ്ങോളമുളള നൂറ് കണക്കിന് ആളുകളാണ് പുസ്തകങ്ങൾ നൽകിയത്. ലൈബ്രറിയിൽ 40000 ത്തിലധികം പുസ്തകങ്ങളാണ് ഉളളത്. 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.