തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്. രാവിലെ ഒന്‍പതിന് തിരുവനന്തപുരത്താണ് യോഗം ചേരുക. നെടുങ്കണ്ടം കസ്റ്റഡി മരണം അടക്കമുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. സംസ്ഥാനത്ത് പൊലീസ് അതിക്രമം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സേനയ്ക്കുള്ളില്‍ അടിമുടി മാറ്റം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടേക്കും. കസ്റ്റഡി മര്‍ദനങ്ങള്‍ സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിലാണ് നിര്‍ണായക യോഗം വിളിച്ചിരിക്കുന്നത്. ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.
Read Also: അഭിസംബോധനയ്ക്ക് ‘മൈ ലോഡും’ ‘യുവര്‍ ലോഡ്ഷിപ്പും’ വേണ്ട: രാജസ്ഥാന്‍ ഹൈക്കോടതി
ഡിവൈഎസ്‌പിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അഡീഷണൽ എസ്‌പിമാർ മുതൽ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ വരെയുള്ള ഉദ്യോഗസ്ഥർ ഓരോ ജില്ലകളിൽ നിന്നും വീഡിയോ കോണ്‍ഫറൻസിങ് വഴി പങ്കെടുക്കും. ഡിജിപി നിലവിലുള്ള ക്രമസമാധാനനിലയെ കുറിച്ചും പൊലീസ് സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും ആമുഖ പ്രസംഗം നടത്തും. അതിനു ശേഷം മുഖ്യമന്ത്രി സംസാരിക്കും.
പൊലീസ് സേനയുമായി ബന്ധപ്പെട്ട വിഷയങ്ങളായിരിക്കും മുഖ്യമന്ത്രിയുടെ പ്രസംഗത്തിൽ. ഉരുട്ടിക്കൊലയും മൂന്നാം മുറയും അടക്കമുള്ള വിഷയങ്ങൾ പ്രസംഗത്തിലുണ്ടാകും. ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്നതിനാൽ മുഖ്യമന്ത്രിയുടെ യോഗം വളരെ പ്രധാനപ്പെട്ടതാണ്.