കൊച്ചി: ലോക അത് ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ മലയാളിയും ഏഷ്യൻ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിലെ സ്വർണ മെഡൽ ജേതാവുമായ പി.യു.ചിത്രയെ ഉൾപ്പെടുത്തണമെന്ന ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിഷേധിക്കപ്പെട്ട നീതിയാണ് ഹൈക്കോടതിയിലൂടെ ചിത്രക്ക് ലഭിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

“ആർക്കും ബോധ്യപ്പെടാത്ത വിചിത്ര കാരണങ്ങൾ ഉന്നയിച്ച് ലോക അത് ലറ്റിക് ചാമ്പ്ൻഷിപ്പൽ പങ്കെടുക്കാൻ പി.യു.ചിത്രക്ക് അത് ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യ അവസരം നിഷേധിച്ചതിതിനെതിരെ സ്പോർട്സിനെ സ്നേഹിക്കുന്ന മുഴുവൻ ആളുകളും പ്രതിഷേധത്തിലായിരുന്നു. ചിത്രയെ ലോകമീറ്റിൽ പങ്കെടുപ്പിക്കണമെന്ന് ഇപ്പോൾ ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ്. നിഷേധിക്കപ്പെട്ട നീതി ഹൈക്കോടതിയിലൂടെ ചിത്രക്ക് ലഭിക്കുന്നു. വിധി എന്തുകൊണ്ടും സ്വാഗതാർഹമാണ്. എ.എഫ്.ഐ കടുത്ത അനീതിയാണ് കാണിച്ചതെന്ന് ഹൈക്കോടതിയും സ്ഥിരീകരിച്ചു. ലോക മീറ്റിൽ ചിത്ര തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രക്ക് കേരള സർക്കാരിന്റെയും ജനങ്ങളുടെയും എല്ലാ വിധ പിന്തുണയുമുണ്ടാകും”, മുഖ്യമന്ത്രി അറിയിച്ചു.

ലോക അത്ലറ്റിക് മീറ്റില്‍ ചിത്രയെ പങ്കെടുപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. 1500 മീറ്ററിൽ ചിത്രയുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ നിർദേശം നൽകി. ലണ്ടനിൽ അടുത്ത മാസമാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്.

പി.യു. ചിത്രയെ ഒഴിവാക്കിയതിൽ ഇടപെടാനാവില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിന് പിന്നാലെയാണ് ഹൈക്കോടതി നിലപാട് എടുത്തത്. കേന്ദ്രത്തിനും അത്‍ലറ്റിക് ഫെഡറേഷനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ