ആലപ്പുഴ: കച്ചവടം മാത്രം ലക്ഷ്യമിട്ട് സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അധ്യാപക നിയമനവുമായി ബന്ധപ്പെട്ട ബജറ്റ് നിര്‍ദ്ദേശത്തിന്‍റെ പേരിൽ സ്കൂൾ മാനേജുമെന്റുകൾ സര്‍ക്കാരിനെ വിരട്ടാൻ വരരുതെന്നും മുഖ്യമന്ത്രി. കച്ചവട താൽപര്യമുള്ള ചിലരെ മാത്രം ലക്ഷ്യമിട്ടാണ് ബജറ്റ് നിർദ്ദേശമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ എണ്ണം പെരുപ്പിച്ച് കാണിക്കുന്ന രീതി ചില സ്കൂളുകൾ ചെയ്യുന്നു. അത്തരം അപഥ സഞ്ചാരകരെ കണ്ടെല്ലെന്നു നടിക്കാൻ ആകില്ല. എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളെയാകെ അവിശ്വസിക്കുന്ന സമീപനം സർക്കാരിനില്ലെന്നും സംശുദ്ധമായി രീതിയിൽ പ്രവർത്തിക്കുന്നവർക്ക് പ്രശ്നം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: എന്തു പറഞ്ഞാലും ഫുക്രു..ഫുക്രു; മഞ്ജുവി‌ന്റെ കരച്ചിലിനു ലാലേട്ടന്റെ മാസ്റ്റർ സ്‌ട്രോക്ക്

എയ്ഡഡ് സ്കൂളുകൾ നടത്തികൊണ്ട് പോകാൻ പറ്റില്ല, ഏറ്റെടുത്തോളു എന്നു ചില മാനേജ്‌മെന്റുകൾ പറയുന്നത് കേട്ടു. ആ വിരട്ടൽ വേണ്ടെന്നും ആവശ്യമെങ്കിൽ എയ്ഡഡ് സ്കൂളുകൾ വാടകയ്ക്കെടുത്ത് പ്രവർത്തിപ്പിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ശമ്പളം കൊടുക്കുന്ന സർക്കാരിന് വാടക കൊടുക്കാൻ ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

അതേസമയം പൊതുവിദ്യാഭ്യസത്തിൽ എയ്ഡഡ് സ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ലയെന്ന് മുഖ്യമന്ത്രി അഭിപ്രയപ്പെട്ടു. സർക്കാർ എയ്ഡഡ് മാനേജ്‌മെന്റുകളെ അവിശ്വസിക്കുന്നില്ല. എന്നാൽ തെറ്റായ രീതിയിൽ പോകുന്നവരെ നേരെയാക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിന് ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.