തിരുവനനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് കഴിയുന്ന പ്രതികളെ സന്ദർശിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പെത്തിയാണ് അദ്ദേഹം പ്രതികളെ കണ്ടത്.
തുടർന്ന് ടി.പി.വധക്കേസ് പ്രതികളായ കെ.സി.രാമചന്ദ്രൻ, ടി.കെ.രജീഷ് എന്നിവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. പരോള്‍ സംബന്ധിച്ചാണ് ഇവര്‍ നിവേദനം നല്‍കിയത്. അതേസമയം ടിപി വധക്കേസിലെ മറ്റൊരു പ്രതിയും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ.കുഞ്ഞനന്തന്‍ മുഖ്യമന്ത്രി പോകുന്ന വഴിയില്‍ അദ്ദേഹത്തെ അഭിവാദ്യം ചെയ്‌തു.
ജയിൽ ഉപദേശക സമിതിയംഗങ്ങളായ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വത്സൻ പനോളി എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എംപിമാരായ കെ.കെ.രാഗേഷ്, പി.കെ.ശ്രീമതി, ജയിൽ മേധാവി ആർ.ശ്രീലേഖ എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമ്പോഴും ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യാവകാശം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ‘കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ മനുഷ്യത്വം ചോർത്താനുള്ള ഇടമല്ല ജയിൽ. മറിച്ച് തടവുകാരുടെ തെറ്റുകള്‍ തിരുത്തി നല്ല മനുഷ്യരാക്കി മാറ്റിയെടുക്കുന്നതിനുള്ള കേന്ദ്രങ്ങളായി അവ മാറണമെന്നും അദ്ദേഹം പറഞ്ഞു.
‘കുറ്റവാളികളെ കൊടുംകുറ്റവാളികളാക്കി മാറ്റുന്ന കേന്ദ്രങ്ങളായി ജയിലുകള്‍ മാറരുതെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. തടവുകാരോടുള്ള സമീപനം മനുഷ്യത്വപരമാവണമെന്ന കാഴ്ചപ്പാടില്‍ നിന്നു കൊണ്ടാണ് പുതിയ ക്ഷേമപദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ ലംഘന കേന്ദ്രമായി ജയിലുകള്‍ മാറിയ ഒരു കാലമുണ്ടായിരുന്നു. അക്കാലമൊക്കെ മാറിയെന്നും അദ്ദേഹം പറഞ്ഞു.