കണ്ണൂർ: മാഹിയിൽ കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബു കണ്ണപ്പൊയിലിന്റെ ബന്ധുക്കളെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ശനിയാഴ്ച രാത്രി എട്ടരയോടെ ബാബുവിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി എട്ട് മിനിറ്റോളം ഇവിടെ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്. എന്നാൽ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ഷമേജിന്റെ ബന്ധുക്കളെ അദ്ദേഹം സന്ദർശിച്ചില്ല.
ബാബുവിന്റെ ഭാര്യ അനിത, മാതാവ് സരോജിനി, മക്കളായ അനാമിക, അനുപ്രിയ, അനുനന്ദ് എന്നിവരെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. ബാബു വധം അന്വേഷിക്കുന്ന പുതുച്ചേരി സീനിയർ പൊലീസ് സൂപ്രണ്ട് അപൂർവ്വ ഗുപ്തയോട് കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച് പിണറായി ചോദിച്ചറിഞ്ഞു. തുടർന്ന് മാധ്യമങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി മടങ്ങി.
സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ, മത്സ്യഫെഡ് ചെയർമാൻ സി.പി.കുഞ്ഞിരാമൻ, നേതാക്കളായ എം.സുരേന്ദ്രൻ, എം.സി.പവിത്രൻ, തലശേരി നഗരസഭ ചെയർമാൻ സി.കെ.രമേശൻ എന്നിവരോടൊപ്പമാണ് മുഖ്യമന്ത്രി ബാബുവിന്റെ വീട്ടിലെത്തിയത്. ബിജെപി പ്രവർത്തകൻ ഷമേജിന്റ വീട് സന്ദർശിക്കാത്ത നടപടിക്കെതിരെ ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടെ ബാബു വധക്കേസുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവർത്തകരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്.