scorecardresearch
Latest News

പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടി പിണറായി വിജയന്‍; ബഫര്‍ സോണ്‍ ചര്‍ച്ചയായേക്കും

മുഖ്യമന്ത്രി തിങ്കളാഴ്ച ഡല്‍ഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം

പ്രധാനമന്ത്രിയെ കാണാന്‍ സമയം തേടി പിണറായി വിജയന്‍; ബഫര്‍ സോണ്‍ ചര്‍ച്ചയായേക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ സമയം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണ്‍, കെ റെയില്‍ തുടങ്ങിയ വിഷയങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ച നടത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. പ്രധാനമന്ത്രിക്ക് പുറമെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണാനും സാധ്യതയുണ്ട്.

തിങ്കളാഴ്ച മുഖ്യമന്ത്രി ഡല്‍ഹിക്ക് തിരിക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. ഡിസംബര്‍ 27, 28 തീയതികളില്‍ സിപിഎം പോളിറ്റ് ബ്യൂറൊ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. എന്നാല്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയോ ഇല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ബഫര്‍ സോണ്‍ വിഷയം സംബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ പ്രതിഷേധം തുടരുകയാണ്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണാന്‍ ഒരുങ്ങുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ റെയിലിനും ഇതുവരെ പൂര്‍ണ അനുമതി ലഭിച്ചിട്ടില്ല. ഇക്കാര്യങ്ങളും ചര്‍ച്ചയായേക്കും.

സംസ്ഥാനത്ത് ബഫര്‍ സോണുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചിരുന്നു. വിഷയത്തില്‍ ജനങ്ങളെയും ജനങ്ങളുടെ ജീവനോപാധിയെയും ബാധിക്കുന്ന നടപടികള്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ ശക്തമായ നിലപാടാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബഫര്‍ സോണ്‍ വിഷയത്തില്‍ മേഖലയിലെ ജനങ്ങളുടെ ആശങ്കകളും നിര്‍ദേശങ്ങളും ഉള്‍ക്കൊണ്ട് മാത്രമെ സുപ്രീം കോടതയില്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിക്കുകയുള്ളു. ജനവാസ കേന്ദ്രങ്ങളെയും കൃഷി ഇടങ്ങളെയും ഇക്കോളജിക്കല്‍ സെന്‍സിറ്റീവ് മേഖലയില്‍ നിന്ന് ഒഴിവാക്കും. ഈ പ്രദേശങ്ങള്‍ ബഫര്‍ സോണാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കോടതിയെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan to visit pm narendra modi

Best of Express