scorecardresearch

Latest News

ലോകം കേരളത്തെ മനസിലാക്കി; സാധ്യതകൾ ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും, വിദ്യാർഥികൾക്ക് പുറത്തു പോകാതെ, കേരളത്തിൽ തന്നെ പഠിക്കാൻ സൗകര്യമൊരുക്കുംവിധമാകണം മാറ്റങ്ങളെന്നും അദ്ദേഹം പറഞ്ഞു

CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, chief minister, കേരള മുഖ്യമന്ത്രി, naam munnottu, നാം മുന്നോട്ട്, post covid kerala, കോവിഡാനന്തര കേരളം, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: കോവിഡാനന്തര കാലത്തെ കേരളത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗിച്ച് കൂടുതൽ വ്യവസായനിക്ഷേപങ്ങൾ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡെന്ന അപകടത്തിൽ തലയിൽ കൈവച്ചിരിക്കാതെ അതിനുശേഷമുള്ള അവസരങ്ങൾ ഫലപ്രദമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More: ജന്മദിനാശംസകൾ സഖാവേ: ഐഷി ഘോഷ്

“കോവിഡിനുശേഷം ലോകമാകെ മാറുകയാണ്. ഇന്ന് ലോകമാകെ കേരളമെന്ന നാടിന്റെ പ്രത്യേകത മനസിലാക്കിയിട്ടുണ്ട്. വ്യവസായങ്ങൾ പലതും പലേടത്തായി മാറ്റി സ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്. നമ്മൾ ശ്രമിച്ചാൽ കുറേ വ്യവസായങ്ങൾ ഇങ്ങോട്ടു കൊണ്ടുവരാനാകും. അത്തരമൊരു ശ്രമത്തിന്റെ ഭാഗമായി എംബസികളെ ബന്ധപ്പെടുന്നുണ്ട്. മറ്റു രാജ്യങ്ങളുമായി ബന്ധമുള്ള ഇവിടുത്തെ വ്യവസായികൾ, ഇവിടെ വ്യവസായം നടത്തുന്ന മറ്റു രാജ്യങ്ങളിലുള്ളവർ തുടങ്ങിയവരെ ഉൾപ്പെടുത്തി ഒരു കമ്മിറ്റി ഇതിനായി രൂപീകരിക്കുന്നുണ്ട്. അതുവഴി അവിടെയുള്ള സ്ഥാപനങ്ങളെ ഇങ്ങോട്ടു ആകർഷിക്കാനും നിക്ഷേപങ്ങൾ കൊണ്ടുവരാനുമാണ് ശ്രമം.”

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും, വിദ്യാർഥികൾക്ക് പുറത്തു പോകാതെ, കേരളത്തിൽ തന്നെ പഠിക്കാൻ സൗകര്യമൊരുക്കുംവിധമാകണം മാറ്റങ്ങളെന്നും അദ്ദേഹം പറഞ്ഞു.

“ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങൾ വരേണ്ടതുണ്ട്. അനേകം വിദ്യാർഥികളാണ് ലോകത്തിന്റെ പലഭാഗത്തും പഠിക്കാൻ കേരളത്തിൽനിന്ന് പോയിട്ടുള്ളത്. വിദ്യാർഥികൾക്ക് ഇവിടെത്തന്നെ പഠിക്കാൻ സൗകര്യമൊരുക്കുംവിധമാകണം മാറ്റങ്ങൾ. അങ്ങനെ വരുമ്പോൾ കേരളം പോലൊരു സംസ്ഥാനത്ത് വന്നുപഠിക്കാൻ ദേശീയതലത്തിലും രാജ്യാന്തര തലത്തിലുമുള്ള കുട്ടികൾ തയാറാകും. ഈയവസരം ഉപയോഗപ്പെടുത്തി കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റാൻ കഴിയണം. അതിനായി വിദ്യാഭ്യാസ മേഖലയ്ക്ക് പൊളിച്ചെഴുത്ത് വേണം. നമ്മുടെ യൂണിവേഴ്‌സിറ്റികൾ, സ്ഥാപനങ്ങൾ എന്നിവ അതിനനുസരിച്ച് മാറണം. ആ തരത്തിലുള്ള ചിന്ത ആരംഭിക്കണം. എന്നാൽ ഏതു നല്ല കാര്യത്തിനും എതിർപ്പുണ്ടാകും. നാടിനുചേരുന്നതും നാടിന്റെ അഭിവൃദ്ധിക്ക് ഉതകുന്നതുമാണെങ്കിൽ ഏതുതരം എതിർപ്പിനെയും വകവയ്ക്കേണ്ടതില്ല.”

കാർഷികരംഗത്ത് സ്വയംപര്യാപ്തത നേടേണ്ട ആവശ്യകതയെ കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു.

“കൃഷി, കന്നുകാലിവളർത്തൽ, മത്സ്യം വളർത്തൽ തുടങ്ങിയവ നമുക്ക് അഭിവൃദ്ധിപ്പെടുത്താൻ പദ്ധതി തയാറാക്കുന്നുണ്ട്. നാട്ടിലെ കാർഷികരംഗമാകെ മാറ്റം വരുത്തും. തരിശ് കിടക്കുന്ന ഭൂമിയിൽ കൃഷി ചെയ്യാനുള്ള പദ്ധതി തയാറാകുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾ മുഖേന സ്വയംസഹായ സംഘങ്ങൾ, കൂട്ടായ്മകൾ, കുടുംബശ്രീ തുടങ്ങിയ സംവിധാനങ്ങൾ വഴിയാകും കൃഷി. ഇക്കാര്യത്തിനായി തരിശുഭൂമി ഉടമസ്ഥന്റെ പൂർണസമ്മതത്തോടെ തദ്ദേശസ്ഥാപനങ്ങൾ വഴിയാണ് നിശ്ചിതകാലത്തേക്ക് ഉപയോഗപ്പെടുത്തുക. കൃഷിയുടെ പൂർണമായ നടത്തിപ്പ് തദ്ദേശസ്ഥാപനങ്ങളിലൂടെയായിരിക്കും. അതു നല്ലരീതിയിൽ നടപ്പാക്കാൻ കഴിയുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾക്കായി ഒരാളുടെയും ഭൂമി ബലം പ്രയോഗിച്ച് എടുക്കുമെന്ന ആശങ്ക വേണ്ട. ഭൂമി ബലപ്രയോഗത്തിലൂടെ എടുക്കുകയാണെന്ന പ്രചാരണം തെറ്റാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cm pinarayi vijayan talks about post covid kerala