പാലക്കാട്: യുഡിഎഫിനെതിരെ ഗുരുതര ആക്ഷേപവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. “യുഡിഎഫ് വികസനം മുടക്കികളാണ്. സില്‍വര്‍ ലൈന്‍ പദ്ധതി എല്‍ഡിഎഫിന് വേണ്ടിയുള്ളതല്ല. നാടിന് വേണ്ടിയുള്ള പദ്ധതിയാണ്,” മുഖ്യമന്ത്രി വ്യക്തമാക്കി. പാലക്കാട് കര്‍ഷക സംഘത്തിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.
“കേരളത്തില്‍ റോഡ് വികസനം ശാശ്വതമായ വഴിയല്ല. വാഹനം കൂടിയാല്‍ പ്രതിസന്ധിയിലേക്ക് പോകും. കാലത്തിന് അനുശ്രിതമായി മാറണം. വേഗത്തില്‍ സഞ്ചരിക്കാന്‍ ട്രെയിന്‍ വേണം. യുഡിഎഫ് പറഞ്ഞ ഹൈ സ്പീഡ് പദ്ധതി, ഞങ്ങൾ സെമി ഹൈ സ്പീഡ് ആക്കിയെന്നേ ഉള്ളു,” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ സില്‍വര്‍ ലൈന്‍ പദ്ധതി പ്രധാന ചര്‍ച്ചയായി നിലകൊള്ളുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ വാക്കുകള്‍. തൃക്കാക്കരയില്‍ പരാജയപ്പെട്ടാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി എല്‍ഡിഎഫ് ഉപേക്ഷിക്കുമോ എന്ന ചോദ്യം യുഡിഎഫ് ഉന്നയിച്ചിരുന്നു.
അതേസമയം, തൃക്കാക്കരയില്‍ ആം ആദ്മിയും ട്വന്റി ട്വന്റയും ചേരുന്ന ജനക്ഷേമ സഖ്യം നിലപാട് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പില്‍ ആര്‍ക്കും പിന്തുണ നല്‍കില്ലെന്നും വോട്ടര്‍മാര്‍ സാഹചര്യത്തിന് അനുസരിച്ച് വോട്ട് ചെയ്യുമെന്നും ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജനക്ഷേമ സഖ്യത്തിന്റെ നിലപാടിനെ എല്‍ഡിഎഫും യുഡിഎഫും സ്വാഗതം ചെയ്തു. “രാഷ്ട്രീയ ബോധം വച്ച് വോട്ട് ചെയ്യണം എന്ന നിലപാട് സ്വാഗതം ചെയ്യുന്നു. തൃക്കാക്കരയിൽ സർക്കാർ വിരുദ്ധ വോട്ടുകൾ ഇല്ല. ജനം ഇടതുമുന്നണിക്ക് ഒപ്പം നിൽക്കും,” എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍ പറഞ്ഞു.
ജനക്ഷേമ സഖ്യത്തിന്റെ തീരുമാനത്തില്‍ തെറ്റില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്റെ അഭിപ്രായം. “ജനക്ഷേമ സഖ്യത്തിന്റെ പിന്തുണയ്ക്ക് വേണ്ടി ഒരു ചർച്ചയും നടത്തിയിട്ടില്ല. ട്വന്റി ട്വന്റിക്കും ആം ആദ്മി പാർട്ടിക്കും കഴിഞ്ഞ തവണ കിട്ടിയ വോട്ട് യുഡിഎഫിന് അനുകൂലമാകും. സർക്കാർ വിരുദ്ധ വോട്ട് യുഡിഎഫിലേക് വരും,” സതീശന്‍ വ്യക്തമാക്കി.
Also Read: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: ജനക്ഷേമ സഖ്യത്തിന്റെ നിലപാട് സ്വാഗതം ചെയ്ത് എല്‍ഡിഎഫും യുഡിഎഫും